പുതുക്കിയ ജിഎസ്ടി: ഡിജിറ്റൽ പേയ്മെന്റുകളിൽ വൻ കുതിപ്പ്
Saturday, September 27, 2025 11:08 PM IST
പരവൂർ (കൊല്ലം): പുതുക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ നിലവില്‍ വന്നതോടെ ഡിജിറ്റല്‍ പണമിടപാടുകളില്‍ വൻ കുതിച്ചുചാട്ടം.
പുതിയ നിരക്കുകള്‍ നിലവില്‍ വന്ന ആദ്യദിനത്തില്‍ മാത്രം 11 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണു നടന്നത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ 10 മടങ്ങിന്റെ വര്‍ധനയാണുണ്ടായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 22നായിരുന്നു പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. അതിന് തൊട്ടുമുമ്പുള്ള ദിവസമായ 21 ലെ ഡിജിറ്റല്‍ പണമിടപാടുകള്‍ 1.1 ട്രില്യണ്‍ രൂപയായിരുന്നു. ഇതാണ് 22ന് 11 ട്രില്യണായത്.
ഡിജിറ്റല്‍ പേയ്മെന്റുകളില്‍ യുപിഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ്, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. ഈ ഇടപാടുകളില്‍ 8.2 ട്രില്യണ്‍ രൂപയുടെ ഏറ്റവും വലിയ വിഹിതം ആര്ടിജിഎസില്നിന്നാണ്.
തൊട്ടുപിന്നാലെ എന്‍ഇഎഫ്ടി ഇടപാടുകള്‍ 1.6 ട്രില്യണ്‍ രൂപയും, യുപിഐ ഇടപാടുകള്‍ 82,477 കോടി രൂപയുമായി.
ഇ-കൊമേഴ്സ് ഇടപാടുകളില്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ ആറ് മടങ്ങ് വര്‍ധിച്ച് 10,411 കോടി രൂപയായി. ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ നാല് മടങ്ങ് വര്‍ധിച്ച് 814 കോടി രൂപയായി.
മിക്ക സാധനങ്ങളെയും അഞ്ച്, 18 ശതമാനം കുറഞ്ഞ സ്ലാബുകളില്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ ജിഎസ്ടി നിരക്കുകളാണ് ഇടപാടുകളിലെ വര്‍ധനയുടെ പ്രധാന കാരണം. പുതുക്കിയ ജിഎസ്ടി നടപ്പിലാക്കിയ ആദ്യ രണ്ട് ദിവസങ്ങളില്‍ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വില്‍പ്പനയില്‍ 23 മുതല്‍ 25 ശതമാനം വരെ വര്‍ധന ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ നികുതിവ്യവസ്ഥയ്ക്ക് കീഴില്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ ആദായനികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയത് ഉള്‍പ്പെടെയുള്ള ചെലവ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഈ വര്‍ധനയ്ക്ക് സഹായകമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
ഇപ്പോഴത്തെ ചരക്ക് സേവന നികുതി ഇളവ് കാരണം ഇലക്ട്രോണിക്സ് ഉത്പന്ന വിപണിയിൽ ഉത്സവകാല വിൽപ്പനയിൽ 30 ശതമാനം വരെ വർധന ഉണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് ഈ മാസത്തെ ഇനിയുള്ള ഏതാനും ദിവസങ്ങളിലും ഡിജിറ്റൽ പേയ്മെന്റുകൾ ക്രമാതീതമായ വർധിക്കുമെന്നാണ് പ്രതീക്ഷ.