യുദ്ധം അവസാനിപ്പിക്കാൻ പാക് സൈന്യം അഭ്യർഥിച്ചെന്ന് ഇന്ത്യ
Sunday, September 28, 2025 1:40 AM IST
ന്യൂയോർക്ക്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ പാക് സൈന്യം അഭ്യർഥിച്ചെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ. യുദ്ധം അവസാനിപ്പിക്കാൻ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.
പാക് വിദേശനയത്തിന്റെ കാതലായ ഭാഗമാണു ഭീകരപ്രവർത്തനമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പേറ്റൽ ഗഹ്ലോട്ട് പറഞ്ഞു.
ഭീകരപ്രവർത്തനത്തെ മഹത്വവത്കരിച്ചുകൊണ്ടുള്ള പാക് പ്രധാനമന്ത്രിയുടെ അസംബന്ധ നാടകങ്ങൾക്കാണ് രാവിലെ ഈ സമ്മേളനം സാക്ഷ്യം വഹിച്ചതെന്നും അവർ പറഞ്ഞു.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക് അവകാശവാദത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണു പേറ്റൽ ഗെഹ്ലോട്ട് നൽകിയത്. തകർന്ന റൺവേകളും കത്തിനശിച്ച ഹാംഗറുകളും വിജയമായി തോന്നുകയാണെങ്കിൽ, പാക്കിസ്ഥാന് ആസ്വദിക്കാമെന്ന് അവർ പരിഹസിച്ചു.
ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്നു നടിക്കുമ്പോഴും, ഒരു ദശാബ്ദക്കാലം ഒസാമ ബിൻ ലാദന് പാക്കിസ്ഥാൻ അഭയം നൽകിയിരുന്നുവെന്നതു മറക്കാനാവില്ല. പതിറ്റാണ്ടുകളായി അവർ തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യമാണ്- പേറ്റൽ ഗഹ്ലോട്ട് ചൂണ്ടിക്കാട്ടി.
“പാക്കിസ്ഥാൻ പ്രധാനമന്ത്രി സംഘർഷത്തെക്കുറിച്ചു വിചിത്രമായ കാര്യമാണു പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട എല്ലാക്കാര്യ ത്തിലും വ്യക്തതയുണ്ട്. മേയ് ഒൻപതുവരെ ഇന്ത്യക്കെതിരേ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ മേയ് 10ന് പോരാട്ടം അവസാനിപ്പിക്കാൻ പാക് സൈന്യം നേരിട്ട് ഞങ്ങളോട് അപേക്ഷിച്ചു’’– ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.