ഇറാനെതിരേ വീണ്ടും യുഎൻ ഉപരോധം
Saturday, September 27, 2025 11:08 PM IST
ന്യൂയോർക്ക്: ആണവപദ്ധതികളുടെ പേരിൽ ഇറാനെതിരായ സാന്പത്തിക, സൈനിക ഉപരോധങ്ങൾ യുഎൻ രക്ഷാസമിതി പുനഃസ്ഥാപിച്ചു.
ഉപരോധം പുനഃസ്ഥാപിക്കുന്നത് ഒഴിവാക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ യൂറോപ്യൻ ശക്തികൾ ഇടപെട്ടെങ്കിലും ഫലപ്രദമായ നടപടികൾ ഇറാനിൽനിന്ന് ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണിത്.
ആണവ പദ്ധതികൾ പരിമിതപ്പെടുത്താനായി ഇറാനുമായി അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജർമനി, യൂറോപ്യൻ യൂണിയൻ എന്നിവരും 2015ൽ ഉണ്ടാക്കിയ കരാർ പ്രകാരം പിൻവലിക്കപ്പെട്ട ഉപരോധങ്ങളാണ് ഇന്നലെ വീണ്ടും പ്രാബല്യത്തിലായത്.
2018ൽ ഡോണൾഡ് ട്രംപിന്റെ ഒന്നാം ഭരണകാലത്ത് അമേരിക്ക ഈ കരാറിൽനിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയിരുന്നു. ഇതോടെ ഇറാൻ യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് വർധിപ്പിക്കാൻ തുടങ്ങി. അടുത്തകാലത്ത് കരാർ പുനരുജ്ജീവിപ്പിക്കാൻ ഇറാനും പാശ്ചാത്യശക്തികളും ചർച്ചയിലേർപ്പെട്ടിരുന്നു. ഇതിനിടെ ഇസ്രയേൽ ഇറാനെ ആക്രമിച്ചത് വിഷയം സങ്കീർണമാക്കി.
യുറേനിയം സന്പുഷ്ടീകരണത്തിനു നിരോധനം, വിവിധ തരം ആയുധങ്ങളുമായി ബന്ധപ്പെട്ട നിരോധനം, ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട പദ്ധതികൾക്കു നിരോധനം, ഇറേനിയൻ നേതാക്കൾക്ക് പാശ്ചാത്യ രാജ്യങ്ങളിലുള്ള സ്വത്ത് മരവിപ്പിക്കൽ, യാത്രാനിരോധനം തുടങ്ങിയവയാണ് ഇന്നലെ പുനഃസ്ഥാപിക്കപ്പെട്ടത്.
ഉപരോധങ്ങൾ ഇറാന്റെ സാന്പദ്വ്യവസ്ഥയ്ക്കു കനത്ത ആഘാതം ഏൽപ്പിച്ചേക്കും. 2015ലെ കരാറിനു ശേഷമാണ് ഇറാന്റെ സാന്പത്തികസ്ഥിതി മെച്ചപ്പെട്ടത്. 2018ൽ അമേരിക്ക കരാറിൽനിന്നു പിൻവാങ്ങിയപ്പോൾ ഇറാന്റെ സാന്പത്തിസ്ഥിതിയും മോശമാകാൻ തുടങ്ങി.
ഉപരോധം പുനഃസ്ഥാപിക്കുന്നതു തടയാൻ റഷ്യയും ചൈനയും പ്രമേയം അവതരിപ്പിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയിൽ നാലു പേരുടെ പിന്തുണ മാത്രമാണു ലഭിച്ചത്.
അണ്വയുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ ഇന്നലെ പ്രതികരിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങളിലെ സ്ഥാനപതിമാരെ പിൻവലിക്കുന്നതായും ഇറാൻ അറിയിച്ചു.