നെതന്യാഹുവും യുഎഇ വിദേശമന്ത്രിയും കൂടിക്കാഴ്ച നടത്തി
Saturday, September 27, 2025 11:08 PM IST
ന്യൂയോർക്ക്: യുഎൻ പൊതുസഭാ സമ്മേളനത്തിനെത്തിയ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദും ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.
ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎഇ മന്ത്രി ആവശ്യപ്പെട്ടു. പലസ്തീൻ രാഷ്ട്രം രൂപവത്കരിച്ച് പശ്ചിമേഷ്യാ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ വിധ പിന്തുണയും യുഇഎ നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രേലി സേന ഖത്തറിൽ വ്യോമാക്രമണം നടത്തിയശേഷം മുതിർന്ന അറബ് നേതാവുമായി നെതന്യാഹു നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ 2020ലുണ്ടാക്കിയ ഏബ്രഹാം ഉടന്പടി പ്രകാരമാണ് ഇസ്രയേലുമായി യുഎഇ നയതന്ത്രബന്ധം ആരംഭിച്ചത്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ഇസ്രേലി നീക്കം നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് യുഎഇ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.