സൈന്യം ട്രംപിനെ ധിക്കരിക്കണമെന്ന് ; കൊളംബിയൻ പ്രസിഡന്റിന്റെ വീസ അമേരിക്ക റദ്ദാക്കി
Saturday, September 27, 2025 11:08 PM IST
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്കിലെ പലസ്തീൻ അനുകൂല റാലിയിൽ പങ്കെടുക്കുകയും അമേരിക്കൻ സൈനികരോടു പ്രസിഡന്റ് ട്രംപിനെ ധിക്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്ത കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വീസ റദ്ദാക്കിയതായി അമേരിക്ക അറിയിച്ചു. പെട്രോയുടെ പ്രസ്താവന വിദ്വേഷജനകമാണെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് പറഞ്ഞു.
യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തിയ പെട്രോ വെള്ളിയാഴ്ചയാണു പലസ്തീൻ അനുകൂല റാലിയെ അഭിസംബോധന ചെയ്തത്. ട്രംപിന്റെ ഉത്തരവുകളല്ല, മനുഷ്യത്വത്തിന്റെ ഉത്തരവുകളാണ് അമേരിക്കൻ സൈനികർ പാലിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ വിമോചനം ലക്ഷ്യമിട്ട് അമേരിക്കയേക്കാൾ വലിയ സേന രൂപീകരിക്കണമെന്നും പെട്രോ നിർദേശിച്ചു.
വീസ റദ്ദാക്കുന്ന കാര്യം അമേരിക്കൻ വൃത്തങ്ങൾ അറിയിച്ച സമയത്ത് പെട്രോ കൊളംബിയയിലേക്കു മടങ്ങിയിരുന്നു.
പെട്രോ നേരത്തേ യുഎൻ പൊതുസഭയിൽ പ്രസംഗിച്ചപ്പോഴും ട്രംപിനെ വിമർശിച്ചിരുന്നു. ഗാസയിലെ വംശഹത്യയിൽ ട്രംപിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കരീബിയൻ സമുദ്രമേഖലയിൽ മയക്കുമരുന്ന് കടത്തുന്നു എന്നാരോപിച്ച് ബോട്ടുകൾക്കു നേർക്ക് ട്രംപ് ഭരണകൂടം മിസൈൽ ആക്രമണം നടത്തിയ വിഷയത്തിൽ ക്രിമിനൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ട്രംപ് അധികാരമേൽക്കുന്നതുവരെ കൊളംബിയയും അമേരിക്കയും നല്ല ബന്ധത്തിലായിരുന്നു. മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ പോരാട്ടത്തിൽ കൊളംബിയയെ അമേരിക്ക സഹായിച്ചിരുന്നു.