ഇന്ത്യ x പാക് ഏഷ്യ കപ്പ് ഫൈനൽ രാത്രി എട്ടിന്
Sunday, September 28, 2025 1:56 AM IST
ദുബായ്: ഗൾഫിൽ ഇന്ന് ഇന്ത്യ x പാക് ക്രിക്കറ്റ് യുദ്ധം. ഹസ്തദാനം നൽകാതെയും പ്രകോപനങ്ങൾ തുടർന്നും ഇതുവരെ നടത്തിയ രണ്ട് ഏറ്റുമുട്ടലുകൾക്കുശേഷമുള്ള അവസാന യുദ്ധം.
2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്നു രാത്രി എട്ടിന് കൊന്പുകോർക്കും.
തുടർച്ചയായ രണ്ടാം ഏഷ്യ കപ്പ് കിരീടവും പാക്കിസ്ഥാനെതിരേ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയവുമാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ആറ് വിക്കറ്റിനും സൂപ്പർ ഫോറിൽ ഏഴ് വിക്കറ്റിനും തകർത്ത ഇന്ത്യ ടൂർണമെന്റിൽ അപരാജിതരാണ്. പാക്കിസ്ഥാനാകട്ടെ ഇന്ത്യയോട് ഏറ്റ തുടർതോൽവികൾക്ക് മറുപടി നൽകാനും കഴിഞ്ഞ ഏഷ്യ കപ്പിൽ ആതിഥേയത്വം വഹിച്ചിട്ടും പരന്പരയിൽ വൻ പരാജമായി മാറിയ ക്ഷീണം തീർക്കാനുമാണ് ഇറങ്ങുന്നത്.
ഇന്ത്യ Vs പാക്കിസ്ഥാൻ
2025 ഏഷ്യ കപ്പ് ഇന്ത്യ- പാക്കിസ്ഥാൻ മത്സരവും വിവാദങ്ങളും മാത്രമാണ് ക്രിക്കറ്റ് ആരാധകർക്ക് സമ്മാനിച്ചത്. ഉദ്ഘാടന മത്സരത്തിന് മുന്‍പുള്ള പത്രസമ്മേളനത്തിലെ പാക് ക്യാപ്റ്റന്റെ മുഖം തിരിച്ചുള്ള പെരുമാറ്റത്തിന് മത്സരത്തിൽ ഹസ്തദാനം ഒഴിവാക്കി ഇന്ത്യയുടെ മറുപടി. പാക് ബാറ്ററുടെ ഗണ്‍ ഫയർ ആഘോഷം, പേസർ റൗഫിന്റെ വക പ്രകോപനപരമായ ആംഗ്യവും കൊന്പുകോർക്കലും. പരന്പരയിലെ മത്സരങ്ങൾ ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാന്റെ ഭീഷണി. സൂര്യകുമാറിന്റെ മത്സര വിജയത്തിനുശേഷമുള്ള പരാമർശം. ദുബായിലെ കടുത്ത ചൂടിലും മുകളിൽനിന്നത് വിവാദങ്ങളുടെ ചൂടായിരുന്നു.
ബാറ്റിംഗിൽ വിള്ളൽ ഇല്ല!
സൂപ്പർ ഫോറിലെ അവസാന മത്സരം ശ്രീലങ്ക സൂപ്പർ ഓവറിൽവരെ വലിച്ചു നീട്ടിയതാണ് ഈ ഏഷ്യ കപ്പിൽ ഇന്ത്യക്കുണ്ടായ ഏക വെല്ലുവിളി. ടൂർണമെന്റിൽ ആദ്യമായി സ്കോർ 200 കടന്ന മത്സരത്തിൽ ഇന്ത്യ ജയം നേടി. ബാറ്റിംഗ് കരുത്തിന് വിള്ളൽ ഇല്ല എന്ന് ഇന്ത്യ ഉറപ്പിച്ചു. തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് വൻ സ്കോറിന് ഇന്ത്യക്ക് അടിത്തറയിടുന്നത്. മധ്യനിരയിൽ മലയാളിതാരം സഞ്ജു സംസണ്, തിലക് വർമ എന്നിവരും ലങ്കയ്ക്കെതിരേ തിളങ്ങിയത് ആശ്വാസമാണ്. പാക്കിസ്ഥാനാകട്ടെ ബാറ്റിംഗിൽ സ്ഥിരത പുലർത്തുന്ന ഒരു താരം ഈ സീസണിൽ ഇല്ല.
പേസ്- സ്പിൻ ത്രയം
സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന ഹർദിക് പാണ്ഡ്യ അവസരത്തിനൊത്തുയരുന്നത് ആശ്വാസമാണ്. കുൽദീപ് യാദവ്, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി സഖ്യത്തിന്റെ സ്പിൻ കെണിയിൽ എതിരാളികൾ വീഴാതിരിക്കുക ദുഷ്കരം.
എക്കാലത്തും പേരുകേട്ടതാണ് പാക് ബൗളിംഗ് നിരയെങ്കിലും ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റൗഫും നയിക്കുന്ന ബൗളിംഗ് നിരയ്ക്ക് പഴയ മൂർച്ചയില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി അഫ്രീദി മൂന്നു വിക്കറ്റ് വീതം നേടി മികവ് കാട്ടുന്നതാണ് ഏക പ്രതീക്ഷ.
സൂപ്പർ ഫോറിലെ ഇന്ത്യ- ശ്രീലങ്ക അവസാന മത്സരത്തിലേതിന് സമാനമായി റണ്‍സ് ഒഴുകുന്ന പിച്ചാണ് ഫൈനലിനും. എന്നാൽ ബാറ്റിംഗ് നിരയെ എറിഞ്ഞു വീഴ്ത്താൻ ശക്തരായ താരങ്ങളാണ് ഇരു ടീമിലും ബൗളിംഗ് ആക്രമണത്തിനുള്ളത്.
ഉയരെ- താഴെ
ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയത് ഇന്ത്യൻ ബാറ്റിംഗ് നിരയാണ്. ശ്രീലങ്കയ്ക്കെതിരേ 202 റണ്‍സ്. പരന്പരയിൽ ആദ്യമായാണ് ഒരു ടീമിന്റെ സ്കോർ 200 കടന്നത്. ബാറ്റിംഗ് കരുത്തിനൊപ്പം ബൗളിംഗിലും ഇന്ത്യ ശക്തി തെളിയിച്ചു. സീസണിലെ ആദ്യ മത്സരത്തിൽ യുഎഇയെ ഇന്ത്യ വെറും 57 റണ്‍സിന് കറക്കി വീഴ്ത്തി.
ഫൈനൽ പോരാട്ടത്തിൽ പ്രതീക്ഷയുടെ കണികകൾ മാത്രമാണ് ഇന്ത്യൻ നീലപ്പടയ്ക്കു മുന്നിലുള്ളത്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ നിലവിലെ ഫോമിൽ ഇന്ത്യൻ നിരയെ പിടിച്ചുകെട്ടുക പാക്കിസ്ഥാനെ സംബന്ധിച്ച് കഠിനം. ഈ വിശ്വാസത്തിലാണ് നീലപ്പടയുടെ ആരാധകർ...
41 വര്‍ഷത്തെ ചരിത്രമുള്ള ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം. എട്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യയാണ് ഏഷ്യ കപ്പ് ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യ കപ്പാണ് ഇന്ത്യ അവസാനമായി നേടിയത്.
പാക്കിസ്ഥാന് രണ്ടു തവണ (2000, 2012) ഏഷ്യ കപ്പ് സ്വന്തമാക്കി. ഏകദിന ഫോര്‍മാറ്റിലായിരുന്നു പാക്കിസ്ഥാന്റെ രണ്ട് കിരീട നേട്ടം. ഇന്ത്യ സ്വന്തമാക്കിയ എട്ട് ഏഷ്യ കപ്പില്‍ ഒരെണ്ണം ട്വന്റി-20 ഫോര്‍മാറ്റില്‍ ആയിരുന്നു, 2016ല്‍. അന്ന് ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീട ധാരണം. ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ആദ്യ ഏഷ്യ കപ്പും 2016ലേത് ആയിരുന്നു.