ഇംപാക്ട് ചേട്ടന്
Sunday, September 28, 2025 1:56 AM IST
ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ഇംപാക്ട് പ്ലെയറായത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്. സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയിച്ച മത്സരത്തില്‍ സെഞ്ചുറി നേടിയ ശ്രീലങ്കയുടെ പതും നിസാങ്കയായിരുന്നു (58 പന്തില്‍ 107) പ്ലെയര്‍ ഓഫ് ദ മാച്ച്.
മത്സരത്തില്‍ അഞ്ചാം നമ്പറായി ക്രീസില്‍ എത്തിയ സഞ്ജു 23 പന്തില്‍ 39 റണ്‍സ് നേടി. റണ്‍സ് നേട്ടത്തില്‍ അഭിഷേക് ശര്‍മ (31 പന്തില്‍ 61), തിലക് വര്‍മ (34 പന്തില്‍ 49 നോട്ടൗട്ട്) എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതായിരുന്നു മലയാളി താരം. എന്നാല്‍, സ്ട്രൈക്ക് റേറ്റില്‍ അഭിഷേകിനു (196.77) പിന്നില്‍ രണ്ടാമതായിരുന്നു സഞ്ജു (169.57). സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 202/5. ശ്രീലങ്ക 20 ഓവറില്‍ 202/5. സൂപ്പര്‍ ഓവര്‍: ശ്രീലങ്ക 2/2. ഇന്ത്യ 3/0.
മത്സരശേഷം ഇന്ത്യയുടെ ഡ്രസിംഗ് റൂമില്‍ നല്‍കാറുള്ള ഇംപാക്ട് പ്ലെയര്‍ പുരസ്കാരമായിരുന്നു സഞ്ജുവിനു ലഭിച്ചത്. ഇംപാക്ട് പ്ലെയറിനെ പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീര്‍ നിയോഗിച്ചത് ഫിസിയോ ആയ യോഗേഷ് പാര്‍മറെ ആയിരുന്നു. ഇംപാക്ട് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്വന്തം ചേട്ടന് എന്നായിരുന്നു യോഗേഷിന്റെ പ്രഖ്യാപനം.
ബാറ്റിംഗിന് പുറമെ കീപ്പിംഗിലും തിളങ്ങിയതാണ് സഞ്ജുവിനെ ഇംപാക്ട് പ്ലെയറായി തെരഞ്ഞെടുത്തത്. 32 പന്തില്‍ 58 റണ്‍സെടുത്ത കുശാല്‍ പെരേരയെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ സഞ്ജു പുറത്താക്കി. സൂപ്പര്‍ ഓവറില്‍ സഞ്ജുവിന്റെ ബ്രില്യന്‍സില്‍ ദാസുന്‍ ഷനക റണ്ണൗട്ടായെങ്കിലും അതിന് മുമ്പ് അര്‍ഷദീപ് സിംഗിന്റെ ക്യാച്ചിനായുള്ള അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിച്ചു.