ഗ്രേറ്റ് ഹാരി
Sunday, September 28, 2025 1:56 AM IST
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനായി ഗോള്‍ നേട്ടത്തില്‍ സെഞ്ചുറി തികച്ച് ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍.
വെര്‍ഡര്‍ ബ്രെമെന് എതിരായ ഹോം മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 4-0നു ജയിച്ചപ്പോള്‍ രണ്ടു ഗോള്‍ ഹാരി കെയ്ന്റെ വകയായിരുന്നു; 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 65-ാം മിനിറ്റില്‍ ലൂയിസ് ഡിയസിന്റെ അസിസ്റ്റിലൂടെയും. ജോനാഥന് ഥാ (22’), കോണ്‍റാഡ് ലെയ്മെര് (87’) എന്നിവരും ബയേണിനായി വല കുലുക്കി. ലീഗില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 15 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
റിക്കാര്‍ഡ് 100
ബ്രെമെന് എതിരേ ഇരട്ട ഗോള്‍ നേടിയതോടെ ഹാരി കെയ്ന്‍ ചരിത്രത്താളില്‍ ഇടംനേടി. യൂറോപ്യന്‍ മുന്‍നിര ലീഗുകളില്‍ ഏതെങ്കിലും ഒരു ക്ലബ്ബിനായി അതിവേഗത്തില്‍ 100 ഗോള്‍ എന്ന റിക്കാര്‍ഡാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്. ബയേണിനായി 104 മത്സരങ്ങളില്‍നിന്നാണ് ഹാരി കെയ്ന്റെ 100 ഗോള്‍.
105 മത്സരങ്ങളില്‍നിന്ന് 100 ഗോള്‍ തികച്ച പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ട് എന്നിവരെ ഹാരി കെയ്ന്‍ പിന്തള്ളി. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനു വേണ്ടിയായിരുന്നു റൊണാള്‍ഡോയുടെ അതിവേഗ 100 ഗോള്‍. എര്‍ലിംഗ് ഹാലണ്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടിയും.
അതിവേഗം 100 ഗോൾ
താരം, ക്ലബ്, മത്സരം
ഹാരി കെയ്ന്‍ ബയേണ്‍ 104
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ 105
എര്‍ലിംഗ് ഹാലണ്ട് മാന്‍. സിറ്റി 105
ലൂയിസ് സുവാരവ് ബാഴ്സ 120
സ്ലാട്ടന് ഇബ്രാഹിമോവിച്ച് പിഎസ്ജി 124