ലോക പാരാ അത്ലറ്റിക്സ് ; ഗോള്‍ഡന്‍ ശൈലേഷ്
Sunday, September 28, 2025 1:56 AM IST
ന്യൂഡല്‍ഹി: 2025 ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ദിനമായ ഇന്നലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണത്തിന് അര്‍ഹനായത് ശൈലേഷ് കുമാര്‍. പുരുഷ വിഭാഗം ടി63 ഹൈജംപിലാണ് ശൈലേഷ് സ്വര്‍ണം സ്വന്തമാക്കിയത്.
ഈ ഇനത്തില്‍ വരുണ്‍ ഭാട്ടിയിലൂടെ ഇന്ത്യന്‍ അക്കൗണ്ടില്‍ വെങ്കലവും എത്തി. ലോക ചാമ്പ്യന്‍ഷിപ്പില്‍ റിക്കാര്‍ഡ് കുറിച്ചായിരുന്നു ശൈലേഷിന്റെ സ്വര്‍ണ നേട്ടം എന്നതും ശ്രദ്ധേയം. 1.91 മീറ്ററാണ് ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തത്. ഒളിമ്പിക് ചാമ്പ്യനായ അമേരിക്കയുടെ എസ്ര ഫ്രെച്ചിനാണ് വെള്ളി. ഫ്രെച്ചും വരുണ്‍ ഭാട്ടിയും 1.85 മീറ്റര്‍ വീതം ക്ലിയര്‍ ചെയ്തു.
മൂന്നു മെഡല്‍
പുരുഷ ഹൈജംപ് ടി63ല്‍ നേടിയ സ്വര്‍ണത്തിനും വെങ്കലത്തിനും പുറമേ ഇന്നലെ വനിതകളുടെ 400 മീറ്റര്‍ ടി20 ഓട്ടത്തിലും ഇന്ത്യ മെഡല്‍ നേടി. ദീപ്തി ജീവന്‍ജി 55.16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഇന്ത്യന്‍ അക്കൗണ്ടില്‍ വെള്ളി എത്തിച്ചു. ഇതോടെ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യ മൂന്നു മെഡല്‍ സ്വന്തമാക്കി.
ലക്ഷ്യം 2036 ഒളിമ്പിക്സ്
2010 കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക പോരാട്ടമാണ് 2025 ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെയാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്.
2030 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2026 ഒളിമ്പിക്സ് എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യ ലോക പാരാ അത് ലറ്റിക്സിനു വേദിയൊരുക്കുന്നത് എന്നതും ശ്രദ്ധേയം. ഒമ്പതു ദിനം നീളുന്ന ചാമ്പ്യന്‍ഷിപ്പിനായി 104 രാജ്യങ്ങളില്‍നിന്ന് 1700 കായിക താരങ്ങളാണ് എത്തിയിരിക്കുന്നത്. 184 ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും.
ശീതള്‍, ടോമന്
ഗ്വാങ്ജു (ദക്ഷിണകൊറിയ): ലോക പാരാ അത്ലറ്റിക്സ് മെഡലുകള്‍ക്കൊപ്പം, ദക്ഷിണകൊറിയയില്‍ നടക്കുന്ന ലോക പാരാ അമ്പെയ്ത്തിലും ഇന്ത്യക്ക് ഇന്നലെ സ്വര്‍ണം ലഭിച്ചു. വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് ഇനത്തില്‍ ശീതള്‍ ദേവിയും പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ടില്‍ ടോമന് കുമാറും ഇന്ത്യക്കായി സ്വര്‍ണം കരസ്ഥമാക്കി.