രാജഗിരി കോണ്‍ക്ലേവ് സമാപിച്ചു
Friday, September 26, 2025 12:03 AM IST
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച രാജഗിരി കോണ്‍ക്ലേവ് 2025 സമാപിച്ചു. ‘നൗ ടു നെക്സ്റ്റ്’ എന്നതായിരുന്നു കോണ്‍ഫ്ളുവന്‍സ് 2.0യുടെ ഭാഗമായി കാക്കനാട് കാമ്പസില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ പ്രമേയം.
വിദ്യാഭ്യാസ-വ്യവസായ മേഖലകളിലെ പ്രമുഖര്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രമുഖര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു.
രാജ്യത്തെ 48 കോളജുകളില്‍നിന്നും 32 സ്കൂളുകളില്‍നിന്നുമായി 5,000ലധികം വിദ്യാർഥികളും 70 കമ്പനികളില്‍നിന്നായി 100ലധികം വ്യവസായ വിദഗ്ധരും പങ്കെടുത്തു.
രാജഗിരി ടോക്സ് ആയിരുന്നു കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണം. ഐഐഎം അഹമ്മദാബാദ് ഫിനാന്‍സ് വിഭാഗം പ്രഫസർ ജോഷി ജേക്കബ്, എഐ കിഡ് എന്നറിയപ്പെടുന്ന ബാലപ്രതിഭ റൗള്‍ ജോണ്‍ അജു എന്നിവര്‍ നടത്തിയ അവതരണങ്ങള്‍ ശ്രദ്ധേയമായി.
കോണ്‍ക്ലേവിന്റെ ഭാഗമായി ഓൺട്രപ്രണര്‍ഷിപ്പ് സമ്മിറ്റ്, ഇന്‍ഡസ്ട്രി ഫ്രറ്റേണിറ്റി മീറ്റ്, പാനല്‍ ചര്‍ച്ചകള്‍, അന്താരാഷ്ട്ര പുസ്തകോത്സവം, ചലച്ചിത്രോത്സവം, ആര് ബസാര്‍, ക്യൂരിയോസിറ്റി സോണ്‍, കലാസന്ധ്യ എന്നിവയുമുണ്ടായിരുന്നു.