കെസിസിപിഎല്ലിലെ ശമ്പളപരിഷ്കരണ ശിപാർശയ്ക്ക് അംഗീകാരം
Wednesday, September 24, 2025 11:32 PM IST
കണ്ണൂർ: കെസിസിപിഎൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണ പ്രപ്പോസൽ മന്ത്രിസഭ അംഗീകരിച്ചു.
കമ്പനിയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും 2017 ജനുവരി ഒന്നു മുതൽ ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. ഇതേത്തുടർന്ന് ഓഫീസേഴ്സ് ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും ശമ്പളം 2017 മുതൽ പുതുക്കി നിശ്ചയിക്കും.
2015-16 ൽ 3.41 കോടി രൂപ വിറ്റുവരവും 4.65 കോടി രൂപ നഷ്ടവുമുണ്ടായിരുന്ന സ്ഥാപനം ചിട്ടയായ പ്രവർത്തനവും മാനേജ്മെന്റിന്റെ കഴിവും ചേർന്നതോടെ 2024-25 ൽ 93.10 കോടി രൂപ വിറ്റുവരവും 4.11 കോടി രൂപ പ്രവർത്തനലാഭവും നേടാൻ കഴിഞ്ഞു. ഇത് ജീവനക്കാരിൽ വലിയ ഉന്മേഷമുണ്ടാക്കുന്നതാണ്.
കമ്പനിയുടെ പെർഫോമൻസിലും ഇത് പ്രതിഫലിക്കുമെന്ന് കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയറക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. ശമ്പള കുടിശിക ബാധ്യത മാത്രം ഇടക്കാല ആശ്വാസം ഉൾപ്പെടെ ഏകദേശം 3.5 കോടി രൂപ വരും.
കമ്പനിയുടെ നാലാമത്തെ പെട്രോൾ പമ്പ് നാളെ രാവിലെ 10 ന് കരിന്തളം തലയടുക്കത്ത് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ആന്റിസെപ്റ്റിക് ആൻഡ് ഡിസ്ഇൻഫക്ട കോംപ്ലക്സിന്റെ ഉദ്ഘാടനം കണ്ണപുരത്ത് ഒക്ടോബർ 16 ന് രാവിലെ ഒന്പതിന് മന്ത്രി പി. രാജീവും നിർവഹിക്കും.