വി-ഗാര്‍ഡ് ബിഗ് ഐഡിയ 2025
Thursday, September 25, 2025 1:03 AM IST
കൊച്ചി: മികവുറ്റ യുവ ബിസിനസ്, എന്‍ജിനിയറിംഗ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി -ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയതലത്തില്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പ് ഇന്നുമുതല്‍ 27 വരെ കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ നടക്കും.
രാജ്യത്തെ മുന്‍നിര കോളജുകളിൽനിന്നായി 3,000ത്തോളം അപേക്ഷകളാണു മത്സരത്തിലേക്ക് ലഭിച്ചത്. ഇവയിൽനിന്ന് രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുത്ത 21 ടീമുകള്‍ വീതം രണ്ടു കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി ബിഗ് ഐഡിയ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 10 ലക്ഷം രൂപവരെയുള്ള കാഷ് പ്രൈസുകളാണ് മത്സരവിജയികളെ കാത്തിരിക്കുന്നത്.
ഇരുവിഭാഗങ്ങളിലുമായി രണ്ട് സ്പെഷല്‍ ജൂറി പുരസ്കാരങ്ങളും ഉണ്ടാകും. കൂടാതെ ഫൈനലിസ്റ്റുകള്‍ക്ക് വി-ഗാര്‍ഡ് ഇന്ഡസ്ട്രീസില് പ്രീ-പ്ലേസ്മെന്റ് ഇന്റര്‍വ്യൂ, സമ്മര്‍ ഇന്റേണ്‍ഷിപ് അവസരങ്ങളും ലഭിക്കും.