ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവർക്കിന് തുടക്കം
Thursday, September 25, 2025 1:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തിന്റെ ഭാഗമായി ഉയർന്ന നിലവാരമുള്ള മാനുഫാക്ചറിംഗ് പ്രവർത്തനങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമുള്ള മികച്ചയിടമാക്കി കേരളത്തെ മാറ്റാൻ ലക്ഷ്യമിട്ടുള്ള ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവർക്കിന് വ്യവസായ മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസി), ഗ്ലോബൽ ടെക്നോളജി സെന്ററുകൾ (ജിടിസി) എന്നിവയിലേക്കും ഡിസൈൻ, ഗവേഷണ വികസനം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലേക്കും സംഭാവന ചെയ്യാൻ കഴിയുന്ന മികച്ച മനുഷ്യവിഭവശേഷി കേരളത്തിനുണ്ടെന്ന് മന്ത്രി രാജീവ് പറഞ്ഞു.
2025 ഓഗസ്റ്റ് വരെയുള്ള ലിങ്ക്ഡിൻ കണക്കുകൾ പരിശോധിച്ചാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന 40000 ത്തോളം പ്രഫഷണലുകൾ കേരളം ആസ്ഥാനമായുള്ള കമ്പനികളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇത് റിവേഴ്സ് മൈഗ്രേഷൻ പ്രവണതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ ആഗോളരാഷ്ട്രീയ സാഹചര്യത്തിലെ പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റാൻ സാധിക്കണം. പ്രഫഷണലുകൾക്കൊപ്പം കമ്പനികളും അവരുടെ ഉത്പാദന യൂണിറ്റുകൾ കൂടുതൽ അനുയോജ്യമായ പ്രദേശങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതരാകും.
വ്യവസായത്തിന് അനുസൃതമായ ചട്ടക്കൂട് സർക്കാർ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം പിന്തുണയും ഉറപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.