ഭക്ഷ്യ സംസ്കരണത്തിന് റിലയൻസും കൊക്ക കോളയും നിക്ഷേപം നടത്തും
Friday, September 26, 2025 12:03 AM IST
ന്യൂഡൽഹി: രാജ്യത്തുടനീളം സംയോജിത ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയവുമായി റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡും (ആർസിപിഎൽ), കൊക്ക കോളയുടെ മൂന്ന് ബോട്ടിലർമാരും ചേർന്ന് 65,000 കോടിയിലേറെ രൂപയുടെ നിക്ഷേപം നടത്തും. ന്യൂഡൽഹിയിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ ഉച്ചകോടിയുടെ ആദ്യ ദിനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. ഉച്ചകോടി 28ന് സമാപിക്കും.
സംയോജിത ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ആർസിപിഎൽ 40,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. 25,760 കോടി രൂപ കൊക്ക കോളയുടെ ബോട്ടിലർമാർ നിക്ഷേപിക്കും.
ഓഗസ്റ്റിൽ നടന്ന വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എഐ അധിഷ്ഠിത ഓട്ടോമേഷൻ, റോബോട്ടിക്സ്, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഫുഡ് പാർക്കുകൾ നിർമിക്കുമെന്നാണ് പ്രഖ്യാപനം നടത്തിയത്.
റിലയന്‍സ് റീട്ടെയിലില്‍നിന്ന് ഉയര്‍ന്നുവന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേരിട്ടുള്ള ഉപസ്ഥാപനമായി മാറിയ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്, ആരംഭിച്ച് വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ 11,000 കോടി രൂപയിലധികം വരുമാനം നേടി, ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപഭോക്തൃ ഉത്പന്ന കമ്പനികളിലൊന്നായി മാറി.
ധാരണാപത്രത്തിന് കീഴിൽ, മഹാരാഷ്ട്രയിലെ കടോൾ, നാഗ്പുർ, ആന്ധ്രാപ്രദേശിലെ കുർണൂൽ എന്നിവിടങ്ങളിൽ ഭക്ഷ്യ ഉത്പന്നങ്ങൾക്കും പാനീയങ്ങൾക്കും സംയോജിത സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 1,500 കോടിയിലധികം രൂപ ആർസിപിഎൽ നിക്ഷേപിക്കും.
ടാഗ്സ് ഫുഡ്സ് ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ ആർസിപിഎൽ സ്വന്തമാക്കി. കംപ, ഇൻഡിപെൻഡൻസ്, അലൻസ്, എൻസോ, റാവൽഗാവ് എന്നീ പേരുകളിൽ സോപ്പ് മുതൽ കോള വരെയുള്ള ബ്രാൻഡുകൾ പുറത്തിറക്കി.
കൊക്ക കോളയുടെ ഇന്ത്യയിലെ മൂന്നു ബോട്ടിലിംഗ് കന്പനികൾ രാജ്യത്തെ ഭക്ഷ്യ സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സംയുക്തമായി 25,760 കോടി രൂപ നിക്ഷേപിക്കും. എസ്എൽഎംജി ബിവറേജസ്, ഹിന്ദുസ്ഥാൻ കൊക്ക കോള ബിവറേജസ് (പൂർണമായും കൊക്ക കോളയുടെ ഉടസ്ഥതയിലുള്ളത്) , കാന്ധാരി ഗ്രൂപ്പ് ഓഫ് കന്പനീസ് എന്നിവയാണ് നിക്ഷേപം നടത്തുന്നത്.
കൊക്ക കോളയുടെ ഏറ്റവും വലിയ ബോട്ടിലിംഗ് കന്പനിയായ എസ്എൽഎംജി 8000 കോടി രൂപ നിക്ഷേപിക്കും.