ദലാൽ സ്ട്രീറ്റിൽ കരടിയുടെ വിളയാട്ടം
Friday, September 26, 2025 12:03 AM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ അഞ്ചാം ദിവസവും ചുവപ്പിൽ അവസാനിച്ചു. യുഎസ് എച്ച്1ബി വീസയ്ക്കുള്ള ഫീസ് വർധിപ്പിച്ചതിനെക്കുറിച്ചുള്ള ആശങ്കകൾ, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്മാറ്റം ദുർബലമായ രൂപ, യുഎസ് എച്ച്-1ബി വീസ ഫീസ് വർധന ഇന്ത്യൻ ഐടി വരുമാനത്തിൽ ഇടിവുണ്ടാക്കുമെന്ന ആശങ്കകൾ തുടങ്ങിയവ നിക്ഷേപകരുടെ വികാരത്തെ ബാധിച്ചത് വിപണിയെ തളർത്തി.
ആറു മാസത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ തകർച്ചയാണ് വിപണി നേരിടുന്നത്. 30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 556 പോയിന്റ് (0.68%) ഇടിഞ്ഞ് 81,159.68ൽ അവസാനിച്ചു. വ്യാപാരത്തിനിടെ 622.74 പോയിന്റ് താഴ്ന്ന് 81,092.89ലെത്തിയതാണ്. 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 166.05 പോയിന്റ് (0.66%) നഷ്ടത്തിൽ 24,890.85ൽ പൂർത്തിയാക്കി. കഴിഞ്ഞ അഞ്ചു സെഷനിലായി സൂചികകൾ യഥാക്രമം 2.2 ശതമാനവും 2.1 ശതമാനവുമാണ് നഷ്ടത്തിലായിത്.
മാർച്ച് 13ന് ശേഷം സെൻസെക്സും മാർച്ച് നാലിന് ശേഷം നിഫ്റ്റിയും ഇത്രയും ദൈർഘ്യമേറിയ ഇടിവ് രേഖപ്പെടുത്തുന്നത് ഇതാദ്യം.
ഐടി, റിയാലറ്റി, ഓട്ടോ ഓഹരികളിലെ കടുത്ത വിൽപ്പന സമ്മർദം വിപണിയെ ദുർബലമാക്കി. ആഗോളതലത്തിൽ ശുഭകരമല്ലാത്ത സൂചനകൾ നിക്ഷേപകരെ ബാധിച്ചു.നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് യഥാക്രമം 0.64 ശതമാനവും 0.57 ശതമാനവും ഇടിവു നേരിട്ടു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനത്തിൽ ഇന്നലെ ഒരു ദിവസം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കഴിഞ്ഞ സെഷനിലെ 460.5 ലക്ഷം കോടി രൂപയിൽനിന്ന് 457.4 ലക്ഷം കോടി രൂപയിലെത്തി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഭൂരിഭാഗവും നഷ്ടത്തിലായി. നിഫ്റ്റി റിയാലറ്റിയുടെ 1.65 ശതമാനത്തിനൊപ്പം നിഫ്റ്റി ഐടി 1.27 ശതമാനവും ഓട്ടോ 0.92 ശതമാനവും ഫാർമ 0.92 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ (0.22) മാത്രമാണ് നേട്ടത്തിലെത്തിയത്.
വീസ സംബന്ധിച്ച ആശങ്കകളെ തുടർന്ന് നിഫ്റ്റി ഐടി സൂചിക ഈ ആഴ്ച 6 ശതമാനത്തിലധികം ഇടിഞ്ഞതോടെ, വിൽപ്പനയുടെ ആഘാതം ഐടി ഓഹരികൾക്കാണ് കൂടുതൽ നേരിട്ടത്. പ്രമുഖ ഐടി ഓഹരികളായ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ചസിഎൽ ടെക് എന്നിവ നഷ്ടത്തിലായി.