രാജ്യത്തുടനീളം ഇന്നുമുതൽ ബിഎസ്എൻഎൽ 4ജി
Friday, September 26, 2025 11:21 PM IST
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെലികോം ഉപകരണങ്ങൾകൊണ്ടു രാജ്യമാകെ 4ജി സേവനങ്ങൾ വ്യാപിപ്പിച്ച് ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 98,000 മൊബൈൽ ടവറുകളും തദ്ദേശീയ 4ജി നെറ്റ്വർക്കായ ’സ്വദേശി 4ജി’യും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിൽ ഉദ്ഘാടനം ചെയ്യും.
ഒന്നിലധികം സംസ്ഥാനങ്ങൾ ഒരേസമയം ഉദ്ഘാടനത്തിൽ പങ്കാളികളാകുന്പോൾ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗോഹട്ടിയിൽനിന്നായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.
മുന്പ് നോക്കിയ, എറിക്സണ് തുടങ്ങിയ കന്പനികളുടെ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്ന ബിഎസ്എൻഎൽ ഇന്ത്യൻ നിർമിത ടെലികോം ഉപകരണങ്ങളിലൂടെ 4ജി സേവനം വ്യാപിപ്പിക്കുന്പോൾ ടെലികോം ഉപകരണങ്ങളും സാങ്കേതികവിദ്യയും സ്വയം നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടുകഴിഞ്ഞെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സ്വദേശി 4ജി നെറ്റ്വർക്ക് പൂർണമായും സോഫ്റ്റ്വേർ നിയന്ത്രിതവും ക്ലൗഡ് അധിഷ്ഠിതവും എളുപ്പത്തിൽ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്നതുമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയെ മുന്നിൽക്കണ്ടു രൂപകല്പന ചെയ്തതിനാൽ ബിഎസ്എൻഎല്ലിന് 4ജിയിൽനിന്ന് 5ജിയിലേക്കു മാറാൻ ഉപകരണങ്ങൾ മാറ്റേണ്ടതുമില്ല.
രാജ്യത്തുടനീളം ബിഎസ്എൻഎല്ലിന്റെ 4ജി സേവനങ്ങൾ വൈകിയാണെങ്കിലും കടന്നെത്തുന്പോൾ 4ജി സേവനം ലഭ്യമാക്കുന്ന മറ്റ് ടെലികോം കന്പനികൾക്ക് തിരിച്ചടിയാകും. സ്വകാര്യ ടെലികോം കന്പനികൾ അടുത്തിടെ ഡാറ്റാ പ്ലാനുകളിൽ വർധനവ് വരുത്തിയത് മുതലെടുക്കാനായിരിക്കും ബിഎസ്എൻഎല്ലിന്റെ ശ്രമം.
രാജ്യത്തുടനീളം 4ജി സേവനങ്ങൾ ഇപ്പോഴാണു വ്യാപിപ്പിക്കുന്നതെങ്കിലും കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി 4ജി ഉപയോഗിക്കാൻ കഴിയുന്ന സിം കാർഡുകളാണ് ബിഎസ്എൻഎൽ നൽകുന്നത്.
ഇതിനുമുന്പ് സിം വാങ്ങിച്ച, 4ജി സേവനങ്ങൾ ഇല്ലാത്ത സിം കാർഡുകളുള്ള ബിഎസ്എൻഎൽ വരിക്കാർ മാത്രം 4ജി സേവനങ്ങൾ ലഭ്യമാകാൻ പുതിയ സിം എടുത്താൽ മതി. ബിഎസ്എൻഎല്ലിന് 5ജി സ്പെക്ട്രം ലഭിച്ചുകഴിഞ്ഞാൽ അതിലേക്ക് എളുപ്പം മാറാനും കഴിയും.