ആറാം സെഷനിലും നഷ്ടം
Friday, September 26, 2025 11:21 PM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ച തുടരുന്നു. തുടർച്ചയായ ആറാം ദിനം വൻ ഇടിവിലാണ് സെൻസെക്സും നിഫ്റ്റിയും വ്യാപാരം പൂർത്തിയാക്കിയത്.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കൾക്ക് പുതിയ തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ഇന്ത്യൻ വിപണിയെ ബാധിച്ചു.
ബ്രാൻഡഡ്, പേറ്റന്റഡ് മരുന്നുകളുടെ ഇറക്കുമതിക്ക് യുഎസ് 100 ശതമാനം തീരുവ ഒക്ടോബർ ഒന്നു മുതൽ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപിച്ചു.
ഇന്നലെ സെൻസെക്സ് 733.22 പോയിന്റ് (0.90%)താഴ്ന്ന് 80,426.46ലും നിഫ്റ്റിയാകട്ടെ 236.15 പോയിന്റ് (0.95 ശതമാനം) നഷ്ടത്തിൽ 24,654.70ലും ക്ലോസ് ചെയ്തു. ആറു മാസത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ തകർച്ചയാണ് വിപണി നേരിടുന്നത്. രണ്ടു സൂചികകളും ഈ ആഴ്ച 2.7 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റി മിഡ്കാപ്, സമോൾകാപ് എന്നിവ യഥാക്രമം 2.05 ശതമാനം, 2.26 ശതമാനം വരെ താഴ്ന്നു.
ഇന്നലെ ഒരു ദിവസംകൊണ്ട് നിക്ഷേപകരുടെ സന്പത്തിൽ 6.73 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൂല്യം 450.61 ലക്ഷം കോടി രൂപയായി താഴ്ന്നു. ഈ ആഴ്ച മാത്രം ബിഎസ്ഇ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം ഏകദേശം 16 ലക്ഷം കോടി രൂപയോളം കുറഞ്ഞു.
നിഫ്റ്റി മേഖല സൂചികകളിൽ 16 എണ്ണവും താഴ്ചയിലായി. നിഫ്റ്റി ഐടിക്കാണ് ഏറ്റവും കൂടുതൽ തകർച്ചയുണ്ടായത്. ഐടി സൂചികയ്ക്ക് 2.45 ശതമാനത്തിന്റെ ഇടിവുണ്ടായി. കണ്‍സ്യൂമർ ഡ്യൂറബിൾസ് 2.19 ശതമാനും ഫാർമ 2.14 ശതമാനവും മെറ്റൽ 1.93 ശതമാനവും പൊതുമേഖല ബാങ്ക് 1.78 ശതമാനവും താഴ്ന്നു.