അഞ്ചു ലക്ഷം കോടി കടന്ന് മാരുതി സുസുക്കി
Friday, September 26, 2025 11:21 PM IST
മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യവത്തായ പത്ത് വാഹന നിർമാതാക്കളുടെ പട്ടികയിൽ മാരുതി സുസുക്കി ഇന്ത്യ.
വിപണി മൂല്യത്തിൽ ലോകത്തിലെ എട്ടാമത്തെ വാഹന നിർമാതാവായിരിക്കുകയാണ് മാരുതി സുസുക്കി. 57.6 ബില്യൻ ഡോളർ (ഏകദേശം 5.1 ലക്ഷം കോടി രൂപ) മൂല്യമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാൾക്കുള്ളത്.
വന്പൻ കന്പനികളായ ഫോർഡ്, ജനറൽ മോട്ടോർസ്, ഫോക്സ്വാഗണ് എന്നിവരെയും ജപ്പാനിലെ മാതൃകന്പനിയായ സുസുക്കി മോട്ടോറിനെ പോലും മറികടന്നാണ് ഇന്ത്യൻ കന്പനിയുടെ മുന്നേറ്റം.
ഫോർഡ് മോട്ടോർ (46.3 ബില്യണ്‍ ഡോളർ), ജനറൽ മോട്ടോഴ്സ് (57.1 ബില്യണ്‍ ഡോളർ) ഫോക്സ്വാഗൺ (55.7 ബില്യണ്‍ ഡോളർ) വിപണി മൂല്യത്തെയാണ് മാരുതി മറികടന്നത്. അതേസമയം, ആദ്യസ്ഥാനത്തുള്ള ടെസ്ലയ്ക്ക് 1.47 ലക്ഷം കോടി ഡോളറാണ് വിപണി മൂല്യം. ടൊയോട്ട 314 ബില്യണ്‍ ഡോളർ, ബിവൈഡി 133 ബില്യണ്‍ ഡോളർ, ഫെറാറി 92.7 ബില്യണ്‍ ഡോളർ, ബിഎംഡബ്ല്യു 61.3 ബില്യണ്‍ ഡോളർ, മേഴ്സിഡസ് ബെൻസ് 59.8 ബില്യണ്‍, ഹോണ്ട മോട്ടോർ 59 ബില്യൻ ഡോളർ എന്നിവയാണ് മാരുതി സുസുക്കിക്കു മുന്നിലുള്ളത്.
പുതുക്കിയ ജിഎസ്ടി
മാരുതി സുസുക്കിയുടെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ചാലകശക്തികളിലൊന്ന് സെപ്റ്റംബർ 22ന് നടപ്പിലാക്കിയ പുതുക്കിയ ജിഎസ്ടി സംവിധാനമാണ്. പുതിയ പരോക്ഷ നികുതി ഘടന, പ്രത്യേകിച്ചും ചെറുകിട കാർ നിർമാതാക്കൾക്ക് ഗുണം ചെയ്തു. ഇവിടെ മാരുതിക്ക് പ്രബലമായ വിപണിവിഹിതമുണ്ട്. മാരുതി സുസുക്കിയുടെ വിൽപ്പനയുടെ 60 ശതമാനത്തിലധികവും ചെറുകാറുകളിൽനിന്നാണ്. പല ഘട്ടങ്ങ ളിലുള്ള ലെവികൾ കുറച്ചതോടെ, വാഹനങ്ങൾക്കു താങ്ങാനാവുന്ന വിലയായി. ഇത് വിലപന ഉയർത്തി.
പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലായതിനുശേഷം മാരുതി പ്രതിദിനം 15,000 ബുക്കിംഗുകൾ നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഓഹരി വിലയിൽ കുതിപ്പ്
ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചത് മുതൽ മാരുതി സുസുക്കി ഓഹരികൾ കുതിപ്പിലാണ്. ഓഗസ്റ്റ് 15ന് ശേഷം ഓഹരികൾ കുതിച്ചത് 25 ശതമാനത്തിന് മുകളിലാണെന്ന് കണക്കുകൾ പറയുന്നു. ഓഗസ്റ്റ് 14ന് 12,936 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾ ഇന്നലെ 16,300 രൂപയ്ക്കു മുകളിലാണ് വ്യാപാരം നടക്കുന്നത്.