മരണാനന്തര ക്ലെയിം എളുപ്പമാകും
Saturday, September 27, 2025 11:08 PM IST
ന്യൂഡൽഹി: മരണപ്പെട്ട ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണവും ലോക്കറിലെ സാമഗ്രികളും അവകാശികൾക്കു ലഭ്യമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചട്ടങ്ങൾ പുതുക്കി.
അക്കൗണ്ടുകളിലെയും ലോക്കറുകളിലെയും ക്ലെയിമുകൾ 15 ദിവസത്തെ സമയപരിധിക്കുള്ളിൽ തീർപ്പാക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങളാണ് ആർബിഐ പുറപ്പെടുവിച്ചത്. കൂടാതെ, തീർപ്പാക്കലിലെ കാലതാമസത്തിന് നോമിനികൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു.
2026 മാർച്ചിനകം പുതുക്കിയ ചട്ടം ബാങ്കുകൾ നടപ്പാക്കണമെന്നാണ് നിർദേശം. ക്ലെയിം അനുവദിക്കാൻ ബാങ്കിന്റെ ഭാഗത്തുനിന്നു കാലതാമസമുണ്ടായാൽ പ്രതിവർഷം നാലു ശതമാനം വീതം അധിക പലിശ നഷ്ടപരിഹാരമായി നൽകണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു. ലോക്കറുകളുടെ കാര്യത്തിൽ വൈകുന്ന ഓരോ ദിനത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും പുതിയ ചട്ടം പറയുന്നു.
മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ അവകാശികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ അക്കൗണ്ട് ഉടമകൾ മരിച്ച് ഏറെനാളായിട്ടും നടപടിക്രമത്തിലെ അവ്യക്തതമൂലം അവകാശികൾക്ക് ക്ലെയിം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതാണ് പുതിയ നീക്കത്തിന് കാരണം.
ക്ലെയിം തീർപ്പാക്കൽ
നോമിനിയോ ജോയിന്റ് അക്കൗണ്ട് ഉടമയോ ഉണ്ടെങ്കിൽ: നിശ്ചിത ക്ലെയിം ഫോമിനൊപ്പം മരണസർട്ടിഫിക്കറ്റ്, നോമിനിയുടെ തിരിച്ചറിയൽ രേഖ എന്നിവ സമർപ്പിച്ചാൽ മാത്രം മതി.
നോമിനിയോ ജോയിന്റ് അക്കൗണ്ട് ഉടമയോ ഇല്ലെങ്കിൽ: സഹകരണ ബാങ്കുകളിൽ അഞ്ചു ലക്ഷം രൂപയിൽ താഴെയും മറ്റു ബാങ്കുകളിൽ 15 ലക്ഷം രൂപയിൽ താഴെയുമാണ് ബാലൻസ് എങ്കിൽ ക്ലെയിം ഫോം, മരണസർട്ടിഫിക്കറ്റ്, അവകാശിയുടെ തിരിച്ചറിയൽ രേഖ, ഇൻഡെംനിറ്റി ബോണ്ട്, മറ്റ് അവകാശികളുണ്ടെങ്കിൽ അവരുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ്, നിയമപരമായ അവകാശിയെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബത്തിന് പരിചയമുള്ള ഒരു വ്യക്തിയുടെ സത്യപ്രസ്താവന എന്നിവയും വേണം. ഇത്തരം കേസുകളിൽ ബാങ്കുകൾ ആൾജാമ്യം ആവശ്യപ്പെടേണ്ടതില്ല.
അക്കൗണ്ടിലെ തുക 15 ലക്ഷത്തിൽ കൂടുതലാണെങ്കിൽ: പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണം. അനന്തരാവകാശ സർട്ടിഫിക്കറ്റിനു പകരം കുടുംബത്തിനറിയാവുന്ന ഒരു വ്യക്തിയുടെ സത്യപ്രസ്താവന നൽകിയാൽ മതി. നോട്ടറിയോ ജഡ്ജിയോ ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇത്തരം കേസുകളിൽ നേരത്തെ പറഞ്ഞ രേഖകളും ആൾജാമ്യവും ബാങ്കുകൾക്ക് ആവശ്യപ്പെടാം.
മറ്റു ചില വ്യവസ്ഥകൾ
നിക്ഷേപകന് വിൽപ്പത്രം മാത്രമേ ഉള്ളുവെങ്കിൽ നിയമപരമല്ലാത്ത ഒരാളെ ഗുണഭോക്താവായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആവശ്യമായ എല്ലാ രേഖകളും ആളിൽനിന്ന് നേടണം. വിൽപ്പത്രമുണ്ടെങ്കിൽ കോടതികൾ അംഗീകാരം നൽകിയ പ്രൊബേറ്റ് അനുസരിച്ച് ബാങ്കുകൾക്ക് സെറ്റിൽ ചെയ്യാം. മറ്റ് തർക്കങ്ങളോ നിയമ തടസങ്ങളോ ഇല്ലെങ്കിൽ ബാങ്കുകൾക്ക് പ്രൊബേറ്റ് ഇല്ലാതെയും ക്ലെയിം തീർപ്പാക്കാം.
ക്ലെയിം തീർപ്പാക്കിയ ശേഷവും മരിച്ചയാളുടെ അക്കൗണ്ടിലേക്ക് പണം വന്നാൽ അക്കൗണ്ട് ഉടമ മരണപ്പെട്ടു എന്ന് അയച്ച ആളുകളെ അറിയിക്കുകയും തുക മടക്കി നൽകുകയും വേണം. ഇത് അവകാശികളെയും അറിയിക്കണം.
ബാങ്ക് പണം നൽകുന്നത് തടഞ്ഞുകൊണ്ട് കോടതിയിൽനിന്ന് ഒരു ഉത്തരവുണ്ടെങ്കിൽ ഉത്തരവ് പ്രാബല്യത്തിൽ ഉള്ള കാലയളവിൽ ക്ലെയിം പരിഗണിക്കില്ല.