റോണിന്റെ നഷ്ടം പെരുകുന്നു
Saturday, September 27, 2025 11:08 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്ലിക്ക് നിക്ഷേപമുള്ള സ്റ്റാർട്ടപ്പ് ഫാഷൻ ബ്രാൻഡായ റോണിന് (WROGN)നഷ്ടം പെരുകുന്നു.
2014ൽ സ്റ്റാർട്ടപ്പ് സംരംഭമായി സഹോദരങ്ങളായ അഞ്ജനയും വിക്രം റെഡ്ഢിയും കൂടി ആരംഭിച്ചതാണ് ഈ ബ്രാൻഡ്. കാഷ്വൽവെയർ, ഫുട്വെയർ ആക്സസറീസ് തുടങ്ങിയവ ഓണ്‍ലൈനായും ഓഫ്ലൈനായും കന്പനി വില്‍ക്കുന്നുണ്ട്. എന്നാൽ, സമീപകാലത്ത് വിൽപന കുറയുകയും നഷ്ടം കൂടുകയുമാണ്.
2025 സാന്പത്തികവർഷം നഷ്ടത്തിൽ 32 ശതമാനം വർധിച്ച് 75.5 കോടി രൂപയായി. മുൻ വർഷം 56.8 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. വരുമാനത്തിലും കാര്യമായ കുറവ് ഈ സാന്പത്തികവർഷം നേരിടേണ്ടിവന്നു. 2024 സാന്പത്തികവർഷം 245.3 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ അത് 223.2 കോടി രൂപയായി കുറഞ്ഞു.
2024ൽ തൊട്ടു മുൻവർഷത്തേക്കാൾ 29 ശതമാനം വില്പന ഇടിഞ്ഞിരുന്നു. ആകെ വരുമാനം 265.7 കോടി രൂപയിൽനിന്ന് 232.3 കോടി രൂപയായിട്ടാണ് താഴ്ന്നത്.
വിൽപ്പന കുറഞ്ഞെങ്കിലും ആകെ ചെലവ് ഉയരുകയാണ് ചെയ്തത്. 2024 സാന്പത്തികവർഷത്തിലെ 306.4 കോടി രൂപയിൽനിന്ന് രണ്ട് ശതമാനം വർധിച്ച് 312.6 കോടി രൂപയായി. സാധനങ്ങളുടെ സംഭരണമാണ് ഏറ്റവും വലിയ ചെലവ്, മുൻ വർഷത്തെ 126.7 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 2025 സാന്പത്തികവർഷത്തിൽ ഇത് 123.4 കോടി രൂപയായിരുന്നു.
ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ 21 ശതമാനം വർധിച്ച് 38.9 കോടി രൂപയായി. അതേസമയം, പരസ്യത്തിനും പ്രമോഷനുകൾക്കുമുള്ള ചെലവ് 63 ശതമാനം ഉയർന്ന് 49.2 കോടി രൂപയായി. വിൽപ്പന ഏജന്റുമാർക്ക് നൽകുന്ന കമ്മീഷനിൽ 29 ശതമാനം ഉയർന്ന്് 40 കോടി രൂപയായി. ഈ വർധനകൾ റോണിന്റെ സാന്പത്തിക അനുപാതങ്ങളെ സമ്മർദത്തിലാക്കി. മൊത്തം ചെലവുകൾ 312.6 കോടി രൂപയിലെത്തിച്ചു.
2025 മാർച്ച് വരെയുള്ള കന്പനിയുടെ സഞ്ചിത നഷ്ടം 709 കോടി രൂപയായി. രൂപീകൃതമായ ശേഷം 90 മില്യണ്‍ ഡോളർ കന്പനിക്ക് നിക്ഷേപമായി ലഭിച്ചു. ആദിത്യ ബിർള ഗ്രൂപ്പ്, ആക്സൽ പാർടേഴ്സ്, ഫ്ളിപ്കാർട്ട്, ആൾട്ടീരിയ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരിൽനിന്ന് കന്പനി തുടക്കം മുതൽ 90 മില്യണ്‍ ഡോളറിലധികം സമാഹരിച്ചു.
2024 ജൂണിൽ, ആദിത്യ ബിർളയുടെ ടിഎംആർഡബ്ല്യു ഹൗസ് ഓഫ് ബ്രാൻഡ്സിൽ നിന്ന് 125 കോടി രൂപ ലഭിച്ചു, തുടർന്ന് ഒക്ടോബറിൽ ഒന്‍പത് മില്യണ്‍ ഡോളർ കൂടി ലഭിച്ചു. ആദിത്യ ബിർള ഡിജിറ്റൽ ഫാഷന്‍ ഇപ്പോൾ റോണിൽ 32.8 ശതമാനം ഓഹരികളുണ്ട്.