വീണ്ടും തീരുവ പ്രഹരം
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 29, 2025 12:50 AM IST
ഇന്ത്യ-യുഎസ് വ്യാപാരബന്ധം സങ്കീർണമായത് ഓഹരി ഇൻഡക്സുകളിൽ വിള്ളലുളവാക്കി. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കു മേൽ നൂറു ശതമാനം ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചത് ആഗോള തലത്തിൽ ഓഹരി വിപണികളെ പിടിച്ചുലച്ചു. ബോംബെ സെൻസെക്സ് പിന്നിട്ടവാരം 2199 പോയിന്റും നിഫ്റ്റി സൂചിക 672 പോയിന്റും ഇടിഞ്ഞു, ആറു മാസ കാലയളവിൽ ഇത്ര വലിയ തകർച്ചയെ ഇന്ത്യൻ മാർക്കറ്റ് അഭിമുഖീകരിക്കുന്നത് ആദ്യം.
അമേരിക്ക എച്ച് 1 ബി വീസ ഫീസ് കുത്തനെ ഉയർത്തിയത് ടെക്നോളജി വിഭാഗം ഓഹരികൾ ഇടപാടുകാർ വിറ്റഴിക്കാൻ ഇടയാക്കി. പ്രതികൂല വാർത്തകൾ വിനിമയ വിപണിയിൽ ഇന്ത്യൻ രൂപയും സമ്മർദത്തിലാക്കിയതോടെ രൂപയ്ക്ക് റിക്കാർഡ് മൂല്യത്തകർച്ച. ഈ പ്രതിസന്ധികൾക്ക് ഇടയിൽ വാരാവസാനം ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് യുഎസ് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് വിപണിയിലെ നിക്ഷേപ മനോഭാവത്തെ പിടിച്ചുലച്ചു.
പല മേഖലകളിലും ശക്തമായ വിൽപ്പന സമ്മർദം അലയടിച്ചത് വിപണിയുടെ ഡെയ്ലി ചാർട്ട് ഡാമേജിനും ഇടയാക്കി. ബുള്ളിഷ് മൂഡിൽ നീങ്ങിയ ഇന്ത്യൻ മാർക്കറ്റിൽ അപ്രതീക്ഷിതമായി യുഎസ് കൊടുങ്കാറ്റ് അടിച്ചത് ആടിയുലയാൻ ഇടയാക്കി.
വിൽപ്പനക്കാരും വാങ്ങലുകാരും
തകർച്ചയുടെ ആക്കം ഇരട്ടിപ്പിക്കാൻ രാജ്യാന്തര ഫണ്ടുകൾ സംഘടിതമായി വിൽപ്പനയ്ക്ക് മത്സരിച്ചു. ഒരു പരിധി വരെ അവരുടെ സംഘടിത നീക്കം തളർച്ചയ്ക്ക് ഇടയാക്കിയതോടെ കഴിഞ്ഞ വർഷം സെപ്റ്റംബറിനു ശേഷം വിപണി വീണ്ടും വിൽപ്പനക്കാരിലേക്ക് തിരിയുമെന്ന ഭീതിയും നിക്ഷേപകരിൽ ഉടലെടുത്തു. അതേസമയം വിദേശ ശക്തികൾ ഉയർത്തിയ വെല്ലുവിളികൾക്കു മുന്നിൽ പതറാതെ ആഭ്യന്തര ഫണ്ടുകൾ കനത്ത നിഷേപത്തിനു മത്സരിച്ചു. അഞ്ച് പ്രവൃത്തിദിനങ്ങളിൽ സെൻസെക്സ് 2.2 ശതമാനവും നിഫ്റ്റി സൂചിക 2.1 ശതമാനവും ഇടിഞ്ഞു. മാർച്ച് രണ്ടാം പകുതിക്ക് ശേഷം ഇന്ത്യൻ മാർക്കറ്റിൽ സംഭവിക്കുന്ന ഏറ്റവും കനത്ത പ്രതിവാര തകർച്ചയാണിത്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ തുടർച്ചയായ പതിമൂന്നാം വാരത്തിലും വിൽപ്പനക്കാരായി മൊത്തം 19,570.03 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ 24-ാം വാരവും വാങ്ങലുകാരായി നിലകൊണ്ട് 17,411.40 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി. സെപ്റ്റംബറിൽ അവർ നിക്ഷേപിച്ചത് 55,731.09 കോടി രൂപയാണ്.
സൂചികകൾ ആടിയുലഞ്ഞു
നിഫ്റ്റി സൂചിക 25,327 പോയിന്റിൽനിന്നും പ്രതിരോധമായി സൂചിപ്പിച്ച 25,488നെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും പ്രതികൂല വാർത്തകളുടെ വേലിയേറ്റത്തിൽ പിടിച്ചുനിൽക്കാനാവാതെ അക്ഷരാർഥത്തിൽ ആടിയുലഞ്ഞു, വിദേശ ഓപ്പറേറ്റർമാരുടെ ശക്തമായ വിൽപ്പനസമ്മർദത്തിൽ നിഫ്റ്റി 24,629ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 25,654 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിക്ക് 25,411- 25,569 റേഞ്ചിൽ പ്രതിരോധവും 24,111 - 25,569 പോയിന്റിൽ താങ്ങും പ്രതീക്ഷിക്കാം. വിപണിയുടെ സാങ്കേതികവശങ്ങൾ പലതും ഓവർ ബോട്ടായതിനാൽ ലാഭമെടുപ്പിന് ഇടപാടുകാർ രംഗത്ത് ഇറങ്ങുമെന്ന കാര്യം മുൻവാരം സൂചിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ ലാഭമെടുപ്പ് പിന്നീട് വിൽപ്പന സമ്മർദമായി മാറുകയാണുണ്ടായത്.
സെൻസെക്സ് 82,626 പോയിന്റിൽനിന്നും തകർച്ചയോടെയാണ് ഇടപാടുകൾ പുനരാരംഭിച്ചത്. വിൽപ്പന സമ്മർദം കനത്തതോടെ സൂചിക 80,332 പോയിന്റിലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 80,426ലാണ്. വിപണിയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 79,655ലേക്കും തുടർന്ന് 78,884ലേക്കും തിരുത്തലിനു ശ്രമം നടത്താം. മുന്നേറാൻ നീക്കം നടത്തിയാൽ 81,873ൽ പ്രതിരോധമുണ്ട്.
രൂപയ്ക്ക് തകർച്ച
ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് വീണ്ടും മൂല്യത്തകർച്ച. ഡോളർ ശേഖരിക്കാൻ വിദേശ ഫണ്ടുകൾ ഉത്സാഹിച്ചത് രൂപയുടെ മൂല്യം 88.10ൽനിന്നും 88.80 ലേക്ക് ഇടിച്ചെങ്കിലും വാരാന്ത്യം 88.71ലാണ്.
ആർബിഐ രണ്ട് ദിവസം നീളുന്ന മോണിറ്ററി പോളിസി യോഗത്തിന് ഇന്ന് തുടക്കം കുറിക്കും. ആഗോള തീരുവ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ യോഗത്തെ സാന്പത്തിക മേഖല ഏറെ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വർഷം ശക്തമായ നിലയിലായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിലും ഉയർന്ന വളർച്ച രേഖപ്പെടുത്തി. ഓഗസ്റ്റിൽ നടന്ന യോഗത്തിൽ കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് അഞ്ചര ശതമാനത്തിൽ നിലനിർത്തിയിരുന്നു.
ആഗോള വിപണിയിൽ സ്വർണം വീണ്ടും റിക്കാർഡ് പുതുക്കി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3684 ഡോളറിൽ നിന്നും 3790 ഡോളർ വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ച ശേഷം 3758 ഡോളറിലാണ്. ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന സ്വർണം 3824ലേക്ക് ഉയരാനുള്ള ശ്രമം തുടരാം. സാങ്കേതിക വശങ്ങൾ നിക്ഷേപകർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തി നിൽക്കുന്നു.