വിജയഗാഥ; പാക്കിസ്ഥാനെ വീഴ്ത്തി ഏഷ്യ കപ്പുയര്‍ത്തി ഇന്ത്യ
Monday, September 29, 2025 12:43 AM IST
ദുബായ്: ആവേശപ്പോരിൽ പാക്കിസ്ഥാനെ തച്ചുടച്ച് തുടർച്ചയായ രണ്ടാം ഏഷ്യ കപ്പുയർത്തി ഇന്ത്യ. ചരിത്ര ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് സൂര്യകുമാർ യാദവും സംഘവും ഒന്‍പതാം ഏഷ്യ കപ്പുയർത്തിയത്. ബൗളിംഗിൽ കുൽദീപ് യാദവും ( നാല് വിക്കറ്റ്), ബാറ്റിംഗിൽ തിലക് വർമയും (69*) ഇന്ത്യക്ക് രക്ഷകരായി. ഏഷ്യ കപ്പിന്റെ 41 വര്‍ഷ ചരിത്രത്തിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ഫൈനലാണ് നടന്നത്.
കൂറ്റൻ സ്കോറിലേക്ക് കുതിച്ച പാക്കിസ്ഥാനെ ഇന്ത്യൻ സ്പിന്നർമാർ 146 റണ്‍സിൽ കറക്കി വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണ് 24 റണ്‍സെടുത്തു. സ്കോർ: പാക്കിസ്ഥാൻ: 19.1 ഓവറിൽ 146. ഇന്ത്യ: 19.4 ഓവറിൽ 150/5.
തുടക്കം കസറി, പക്ഷേ...
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കുള്ള പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം റിങ്കു സിംഗിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ശിവം ദുബെയും ടീമില്‍ തിരിച്ചെത്തി. പാക് ഓപ്പണര്‍മാരായ സാഹിബ്സാദ ഫര്‍ഹാനും (57) ഫഖാര്‍ സമാനും (46) ചേര്‍ന്ന് മികച്ച തുടക്കമാണ് പാക്കിസ്ഥാനു നല്‍കിയത്.
കുല്‍ദീപ്, വരുണ്‍, അക്സര്‍
10-ാം ഓവറിന്റെ നാലാം പന്തില്‍ സാഹിബ്സാദ ഫര്‍ഹാനെ തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ച് വരുണ്‍ ചക്രവര്‍ത്തിയാണ് പാക്കിസ്ഥാന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. 13-ാം ഓവറിന്റെ അഞ്ചാം പന്തില്‍ സയിം അയൂബിനെ കുല്‍ദീപും പറഞ്ഞയച്ചു. പിന്നീടങ്ങോട്ട് പാക്കിസ്ഥാനെ നിവര്ന്നുനില്ക്കാന് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അനുവദിച്ചില്ല. ഫഖര്‍ സമാനെയും വരുണ്‍ ചക്രവര്‍ത്തിയാണ് മടക്കിയത്. സല്മാന് അലി ആഗയെ (8) കുല്‍ദീപിന്റെ പന്തിലും ഹുസൈന് ടാലറ്റിനെ (1) അക്സര്‍ പട്ടേലിന്റെ പന്തിലും ആകാശംമുട്ടെ ഉയര്‍ന്ന ക്യാച്ച് ഗ്ലൗവിനുള്ളില്‍ കുരുക്കി സഞ്ജു സാംസണ് പറഞ്ഞയച്ചു.

വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സ് എന്ന നിലയില്‍നിന്ന് 146ന് പാക്കിസ്ഥാന് പുറത്ത്. 62 റണ്‍സ് എടുക്കുന്നതിനിടെയാണ് പാക്കിസ്ഥാന്റെ 10 വിക്കറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ പങ്കിട്ടത്. കുല്‍ദീപ് നാല് ഓവറില്‍ 30 റണ്‍സിന് നാല് വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.