ഇന്ത്യ സുസജ്ജം...വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നാളെ മുതല്‍
Monday, September 29, 2025 12:43 AM IST
ബംഗളൂരു/ഗോഹട്ടി: ഐസിസി ഏകദിന വനിതാ ലോകകപ്പ് ക്രിക്കറ്റിനായി ടീം ഇന്ത്യ പൂര്‍ണ സജ്ജം. അവസാന സന്നാഹ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ലോകകപ്പ് പോരാട്ടത്തിനു തയാറെടുക്കുന്നത്. നാളെ ഗോഹട്ടിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് 2025 ഐസിസി വനിതാ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം.
ബംഗളൂരുവില്‍ നടന്ന തങ്ങളുടെ അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലന്‍ഡിനെ കീഴടക്കി. സോഫി ഡിവൈന്‍ (54 പന്തില്‍ 54), മാഡി ഗ്രീന്‍ (42 പന്തില്‍ 49 നോട്ടൗട്ട്), അമേലിയ കേര് (67 പന്തില്‍ 40) എന്നിവരുടെ ബാറ്റിംഗിലൂടെ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടി. 42 ഓവറിലേക്കു ചുരുക്കിയ മത്സരത്തില്‍ 10 പന്തുകള്‍ ബാക്കിവച്ച് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയത്തിലെത്തി. ഹര്‍ലീന്‍ ഡിയോളായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍; 79 പന്തില്‍ 74. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 86 പന്തില്‍ 69 റണ്‍സ് നേടി.