കാരൂർ കഥകളിലെ അവസ്ഥയിൽ 16,000 അധ്യാപകർ
Tuesday, September 30, 2025 2:01 AM IST
കോട്ടയം: വായനക്കാരുടെ ഉള്ളുലച്ച ‘വാദ്ധ്യാർക്കഥകൾ’എഴുതിയ കാരൂർ നീലകണ്ഠപ്പിള്ള വിടപറഞ്ഞിട്ട് ഇന്ന് അമ്പതാണ്ടാണ്. എന്നാൽ അക്കാലത്ത് കാരൂരെഴുതിയ കഥകളിലെ അധ്യാപകരുടെ അത്യന്തം ദയനീയമായ അവസ്ഥയിലാണ് ഇന്നും കേരളത്തിലെ പതിനാറായിരത്തിലധികം വരുന്ന എയ്ഡഡ് സ്കൂൾ അധ്യാപകർ. ഭിന്നശേഷി സംവരണത്തിന്റെ പേരുപറഞ്ഞ് സർക്കാർ ഇവരുടെ ജീവിതം തകർക്കുകയാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകളും സാമൂഹികമായ അവഗണനകളുംകൊണ്ട് കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് കാരൂർ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ. ഇതേ അവസ്ഥയിലാണ് നിയമനത്തിന് അംഗീകാരം കിട്ടാത്ത കേരളത്തിലെ അധ്യാപകർ.കണ്ണിൽചോരയില്ലാതെയാണ് സംസ്ഥാന സർക്കാർ ഇവരോട് അനീതി കാണിക്കുന്നത്.
ഈ നിലപാട് അധ്യാപകരേക്കാൾ വിദ്യാർഥികളെയാണ് ബാധിക്കുന്നതെന്ന യാഥാർഥ്യവും സർക്കാർ കാണുന്നില്ല. എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾക്ക് മികച്ച അധ്യാപനമാണ് സർക്കാർ നിഷേധിക്കുന്നത്. ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇല്ലാത്ത താത്കാലികക്കാരായ അധ്യാപകർ മറ്റു ജോലികൾ ചെയത് കുടുംബം പോറ്റേണ്ട ഗതികേടിലാണ്.
സർക്കാരിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള തന്ത്രമാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കാരണം എൻഎസ്എസിന് ഒരു നീതിയും ക്രൈസ്തവ, മുസ്ലിം അടക്കമുള്ള മറ്റു മാനേജ്മെന്റുകൾക്ക് മറ്റൊരു നീതിയും എന്നതാണ് നിലവിലെ അവസ്ഥ.
നിസഹായരായ ഈ അധ്യാപകരുടെ ഏറെക്കാലമായുള്ള മുറവിളി സർക്കാരിന്റെ കണ്ണിൽ പെടാത്തത് എന്തുകൊണ്ടാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നില്ല. അതുകൊണ്ടാണ് പ്രതിഷേധം കനക്കു ന്നത്.