അക്രമം, കൈയേറ്റം: നീതി തേടി മാർത്തോമ്മാ ഭവനം
Sunday, September 28, 2025 1:40 AM IST
കൊച്ചി: കളമശേരി മാർത്തോമ്മാഭവനത്തിനുനേരേ രാത്രിയുടെ മറവിൽ അക്രമികൾ അഴിഞ്ഞാടി കൈയേറ്റം നടത്തിയിട്ട് 24 ദിവസം പിന്നിട്ടിട്ടും ആശ്രമം അധികൃതർക്കു നീതി അകലെ
. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ കൈയേറ്റം ഒഴിപ്പിക്കാനോ അധികാരികൾ ഇനിയും തയാറാവാത്തത് ആശങ്കപ്പെടുത്തുന്നുവെന്ന് ആശ്രമം അധികാരികൾ പറഞ്ഞു.
45 വർഷത്തോളമായി മാർത്തോമ്മാ ഭവനം ഉപയോഗിക്കുന്ന ഭൂമിയിലാണ് ഒരുകൂട്ടം ആളുകൾ കൈയേറി അക്രമം നടത്തിയത്. കഴിഞ്ഞ നാലിനു പുലർച്ചെ ഒന്നിനും നാലിനുമിടയിൽ ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ചേർന്നാണ് ആക്രമണം നടത്തിയത്. ദൈവവചനം എഴുതിയ ഏഴടി ഉയരവും 100 മീറ്ററോളം നീളവുമുള്ള മതിലും ഗേറ്റും ജലെവിതരണത്തിനുള്ള പൈപ്പുകളും സിസിടിവി കാമറകളും തകർത്തു.
അക്രമം നടത്തിയതിന് തുടർന്നുള്ള ദിവസങ്ങളിൽ കോടതി അവധിയുൾപ്പെടെയുള്ള കാര്യങ്ങൾ മുന്നിൽക്കണ്ട് ആസൂത്രിതമായായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം.
ഇവർ ലോറികളിലെത്തിച്ചു സ്ഥാപിച്ച നിർമിതമുറികളിൽ അത്യാധുനിക സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ആരെങ്കിലും മാർത്തോമ്മാ ഭവനിൽ വൈദികരെ കാണാനെത്തിയാൽ മിനിട്ടുകൾക്കുള്ളിൽ കൈയേറ്റക്കാരുടെ ആളുകൾ സ്ഥലത്തെത്തുന്ന സ്ഥിതിയാണ്.
2022ലും കൈയേറ്റശ്രമം
കൊച്ചി: മാർത്തോമ്മാ ഭവനു നേരേ ഇപ്പോൾ അതിക്രമം നടത്തിയവർ 2022ലും സമാനമായ കൈയേറ്റശ്രമം നടത്തി. ഒരു കൂട്ടമാളുകളെത്തി ഗേറ്റിന്റെ താഴ് തകർത്താണ് അന്ന് അകത്തേക്ക് അതിക്രമിച്ചു കയറിയത്.
മുള്ളുവേലികളും മറ്റും സ്ഥാപിക്കാൻ ശ്രമം നടത്തുന്നതിനിടെ പോലീസെത്തി തടയുകയായിരുന്നു. 2022ൽ പകലായിരുന്നു അതിക്രമമെങ്കിൽ ഇക്കുറി രാത്രിയിൽ.
1982 മുതൽ മാർത്തോമ്മാ ഭവന്റെ ഭൂമി
കൊച്ചി: 1982ലാണ് മാർത്തോമ്മാ ഭവനം ഈ ഭൂമി വാങ്ങിയത്. സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വിൽപ്പന നടത്തി.
സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിയോ അവരുടെ പേരിൽ മറ്റാരെങ്കിലുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്.
ചിലർ തർക്കമുന്നയിച്ചിട്ടുള്ള ഭൂമി മാർത്തോമ്മാ ഭവന്റെ കൈവശാവകാശത്തിലുള്ളതാണെന്ന് 2007ൽ എറണാകുളം സബ് കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഇതും പ്രൊഹിബിറ്ററി ഇൻജൻഷൻ ഓർഡറും നിലനിൽക്കെയാണ് തെറ്റായ രേഖകളും വാദങ്ങളുമുയർത്തി കൈയേറ്റക്കാർ അതിക്രമം നടത്തുന്നതെന്നു മാർത്തോമ്മാ ഭവനം സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക പറഞ്ഞു.