എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നന്പർ
Sunday, September 28, 2025 12:16 AM IST
തിരുവനന്തപുരം: നാളെ പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നന്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നന്പർ ലഭിക്കും.
ചില വോട്ടർമാർക്ക് അവർ നൽകിയതു പ്രകാരമുള്ള കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് നന്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നന്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നന്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയാറാക്കിയിരുന്നത്.
ഇതു പരിഹരിക്കുന്നതിനായി എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയൽ നന്പർ നൽകുകയാണ്. SEC എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒൻപത് അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നന്പർ.
തദ്ദേശ സ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികൾക്കും, അന്വേഷണങ്ങൾക്കും വോട്ടർമാർ ഈ സവിശേഷ തിരിച്ചറിയൽ നന്പർ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.