ഉടമയെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്യുന്ന നടപടി ശരിയല്ല: മുഖ്യമന്ത്രി
Sunday, September 28, 2025 1:40 AM IST
കൊച്ചി: ഉടമയെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാങ്കുകള്‍ ഇതിനു ശാശ്വത പരിഹാരം കാണണം. വെറും സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച കേരള ബാങ്ക് ഐടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭവനരഹിതര്‍ ഇല്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ ഏക വീട് മാത്രമുള്ളവരെ ഈ വിധം പുറത്താക്കി ജപ്തി ചെയ്താല്‍ അവരും ഭവനരഹിതരായി മാറും.
കുട്ടികളുടെ പരീക്ഷാ കാലയളവില്‍ ജപ്തിയടക്കമുള്ള നടപടികളില്‍നിന്ന് ബാങ്കുകള്‍ പിന്മാറണം. കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14 ബാങ്കുകളുടെ ഐടി ഏകീകരണം അടിസ്ഥാനമാക്കി കേരള ബാങ്ക് തയാറാക്കിയ കേസ് ഡയറി മുഖ്യമന്ത്രി നബാര്‍ഡ് ചെയര്മാന് കെ.വി. ഷാജിക്കു നല്കി പ്രകാശനം ചെയ്തു.
ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കിംഗ് മേഖലയിലും ഡിജിറ്റല്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് ഫിന്‍ടെക് ഇന്നൊവേഷന് സോണ്‍ രൂപീകരിക്കാനായി കേരള ബാങ്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണാപത്രം ഒപ്പിട്ടു.