കോട്ടയം കാരിത്താസ് ആശുപത്രിക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരങ്ങൾ
Sunday, September 28, 2025 12:16 AM IST
കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങള്‍ കൈവരിച്ച സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളില് സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ കോട്ടയം കാരിത്താസ് ആശുപത്രിക്ക് ഇരട്ടനേട്ടം.
ജല-വായു മലിനീകരണ നിയന്ത്രണത്തില്‍ കഴിഞ്ഞവര്‍ഷം കൈവരിച്ച നേട്ടങ്ങള്‍, ഊര്‍ജസംരക്ഷണത്തിനും ജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍, സാമൂഹ്യ പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികള്‍ തുടങ്ങിയവ പരിഗണിച്ചാണ് സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ കോട്ടയം കാരിത്താസ് ആശുപത്രിക്ക് പുരസ്കാരങ്ങള്‍ ലഭിച്ചത്.
100 മുതല്‍ 250 വരെ കിടക്കകള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ കാരിത്താസ് മാതാ ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 500-1000 കിടക്കകള്‍ ഉളളവ സ്വകാര്യ ആശുപത്രികളില്‍ - കാരിത്താസ് ആശുപത്രി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് ഏറ്റുവാങ്ങി.