ഭിന്നശേഷി സംവരണം; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധം: മാർ താഴത്ത്
Sunday, September 28, 2025 1:40 AM IST
തൃശൂർ: എൻഎസ്എസ് മാനേജ്മെന്റ് മാത്രമാണു ഭിന്നശേഷിസംബന്ധമായ നിയമങ്ങൾ പാലിക്കുന്നതെന്ന വിദ്യാഭ്യാസമന്ത്രിയുടെ വ്യാഖ്യാനം സത്യവിരുദ്ധമാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിക്കുന്നുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ സർക്കാർലിസ്റ്റിൽനിന്നു നിയമിക്കാമെന്ന് ക്രിസ്ത്യൻ മാനേജ്മെന്റുകൾ സത്യവാങ്മൂലം നൽകിയിട്ടുള്ളതാണ്. എന്നാൽ മന്ത്രി പൊതുജനസമക്ഷം വസ്തുതകൾക്കു വിരുദ്ധമായാണു പ്രസ്താവന നടത്തിയത്.
വിഷയത്തിൽ എൻഎസ്എസിനു ലഭിച്ച സുപ്രീംകോടതിവിധിയിൽ, സമാനസ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാക്കാമെന്നു വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്നു ക്രിസ്ത്യൻ മാനേജ്മെന്റ് കൺസോർഷ്യം സമാനമായ വിധി നേടിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചുള്ള മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയലക്ഷ്യങ്ങളോടുകൂടിയുള്ളതാണെന്ന് തൃശൂർ അതിരൂപത വിദ്യാഭ്യാസ ജാഗ്രതാസമിതി യോഗം വിലയിരുത്തി.
നൂറുകണക്കിന് ദിവസവേതനക്കാരായ അധ്യാപകർക്കു വേതനം ലഭിക്കാത്തത് പ്രധാന അധ്യാപകരുടെ കൃത്യവിലോപമാണെന്ന മന്ത്രിയുടെ പ്രസ്താവനയിൽ യോഗം അമർഷം രേഖപ്പെടുത്തി. മന്ത്രിയുടെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ആർച്ച്ബിഷപ്പിന്റെ അധ്യക്ഷതയിൽ തൃശൂർ അതിരൂപത വിദ്യാഭ്യാസ ജാഗ്രതാസമിതി യോഗം ചേർന്നത്.
യോഗത്തിൽ വികാരി ജനറാൾ മോൺ. ജോസ് കോനിക്കര, കോർപറേറ്റ് മാനേജർ ഫാ. ജോയ് അടമ്പുകുളം, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് എ.ഡി. സാജു എന്നിവർ പ്രസംഗിച്ചു.