മുനമ്പം പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണം: ആർച്ച്ബിഷപ്
Sunday, September 28, 2025 12:16 AM IST
കൊച്ചി : മുനമ്പം പ്രശ്നം സമവായത്തിലൂടെ അടിയന്തരമായി പരിഹരിക്കണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. മുനമ്പം ഭൂസംരക്ഷണ സമിതി എറണാകുളം മദർ തെരേസ സ്ക്വയറിൽ സംഘടിപ്പിച്ച കൂട്ട നിരാഹാരസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യരെയും പോലെ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ സർവവിധ അവകാശങ്ങളോടുംകൂടി ജീവിക്കാൻ മുനമ്പത്തെ 610 കുടുംബങ്ങൾക്കും അർഹതയുണ്ട്. രാജ്യത്തെ ഒരു കോടതിയും ഈ ഭൂമി വഖഫാണെന്നു പറഞ്ഞിട്ടില്ലെന്നും ആർച്ച്ബിഷപ് പറഞ്ഞു.
മുനമ്പത്ത് നടത്തുന്ന നിരാഹാരസമരത്തിന്റെ 350-ാം ദിനത്തിലാണു നിരാഹാരസമരം സംഘടിപ്പിച്ചത്. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ലീഗൽ അഡ്വൈസർ അഡ്വ. രാജൻ ബാബു മുഖ്യപ്രഭാഷണം നടത്തി.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, മലങ്കര ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളി കാർപോസ് മെത്രാപ്പോലീത്ത, ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ , മുരുകൻ കാതികുളത്ത്, എം. വി. വാരിജാക്ഷൻ, മോൺ. റോക്കി റോബി കളത്തിൽ, ടി. ജി. വിജയൻ, റവ. ഡോ. ജിജു അറക്കത്തറ, അഡ്വ. വി.സി. സെബാസ്റ്റ്യൻ, അഡ്വ. ഷെറി ജെ. തോമസ്, ജോസഫ് ജൂഡ്, ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.