ഉജ്ജയിൻ റൂഹാലയ കോളജ് തത്വശാസ്ത്ര പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ട്
Sunday, September 28, 2025 12:16 AM IST
ഉജ്ജയിൻ(മധ്യപ്രദേശ്) : ഉജ്ജയിനിലെ റൂഹാലയ കോളജ് ഓഫ് ഫിലോസഫി ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിനു കീഴിലുള്ള തത്വശാസ്ത്ര പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കപ്പെട്ടു.
ഇതുസംബന്ധിച്ച ഡിക്രി ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ.ഡോ. മാത്യു ആറ്റിങ്ങൽ സിഎംഐ സെന്റ് തോമസ് മിഷണറി സൊസൈറ്റി ഡയറക്ടർ ജനറൽ റവ.ഡോ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുരയ്ക്കു കൈമാറി.
ഉജ്ജയിൻ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പാറശാല ബിഷപ് തോമസ് മാർ യൗസേബിയൂസ് മുഖ്യാതിഥിയായിരുന്നു. സാഗർ ബിഷപ് മാർ ജെയിംസ് അത്തിക്കളം അനുഗ്രഹപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ നിയമാവലിയുടെ പ്രകാശനവും ബിഷപ് നിർവഹിച്ചു. ഉജ്ജയിൻ അതിരൂപത ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ട മാർ സെബാസ്റ്റ്യൻ വടക്കേലിനെ ചടങ്ങിൽ ആദരിച്ചു.
റൂഹാലയ മേജർ സെമിനാരി റെക്ടർ റവ.ഡോ. മനോജ് പാറക്കൽ, എംഎസ്ടി ഉജ്ജയിൻ റീജണൽ ഡയറക്ടർ റവ.ഡോ. സെബാസ്റ്റ്യൻ പുല്ലാട്ട്, ധർമാരാം വിദ്യാക്ഷേത്രം ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ് റവ.ഡോ. ജോർജ് കുളങ്ങര സിഎംഐ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ‘മാറുന്ന ലോകത്തിൽ ദൈവത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി റവ.ഡോ. തോമസ് കണ്ണാനി എംഎസ്ടി പ്രബന്ധം അവതരിപ്പിച്ചു. കഴിഞ്ഞവർഷം സെമിനാരിയിൽ നടന്ന ദേശീയ ഫിലോസഫിക്കൽ കോൺഫറൻസിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെ ആധാരമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. വീനസ് കാരമുള്ളില് എംഎസ്ടി എഡിറ്റ് ചെയ്തു തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
സീറോമലബാർ സഭയുടെ പ്രേഷിത സഭാസമൂഹമായ സെന്റ് തോമസ് മിഷണറി സൊസൈറ്റി (എംഎസ്ടി)യുടെ കീഴിലുള്ള ഈ സ്ഥാപനം 1986ലാണു സ്ഥാപിതമായത്. പ്രവർത്തനം തുടങ്ങി 39 വർഷം പിന്നിടുമ്പോൾ 1,119 വൈദിക വിദ്യാർഥികൾ ഇവിടെനിന്നു തത്വശാസ്ത്ര പഠനം പൂർത്തിയാക്കി.