ഇഎംഎസിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു
Sunday, September 28, 2025 1:40 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ച ശാസ്തമംഗലം മംഗലം ലൈനിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് തൈക്കാട് ശാന്തി കവാടത്തിൽ.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ശിശുരോഗ വിദഗ്ധയായി സേവനം അനുഷ്ഠിച്ചിരുന്നു. ഇവിടെനിന്നു വിരമിച്ച ശേഷം ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിൽ ദീർഘകാലം ജോലി ചെയ്തു.
പെണ്‍കുട്ടികൾ പിതാവിന്റെയോ ഭർത്താവിന്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ ഇ.എം.എസിന്റെ കാഴ്ചപ്പാട് ജീവിതത്തിൽ പകർത്തിയിരുന്നു അദ്ദേഹത്തിന്റെ മൂത്ത മകളായ ഡോ. മാലതി. രാജ്യത്തെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡികോ ഫ്രണ്ട്സ് സർക്കിളിന്റെ പ്രവർത്തകയായിരുന്നു.
ശാസ്ത്രജ്ഞനും കെൽട്രോണ്‍ മുൻ ചെയർമാനുമായ പരേതനായ ഡോ. ദാമോദരനാണ് ഭർത്താവ്. മക്കൾ: പ്രഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റ്, ഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഡൽഹി). മരുമകൾ: ഷീലാ താബോർ (എൻജിനിയർ, സൗദി).
സഹോദരങ്ങൾ: ഇ.എം. രാധ, പരേതരായ ഇ.എം. ശ്രീധരൻ, ഇ.എം. ശശി.