വിഷൻ 2031; സംസ്ഥാനതല സെമിനാറുകൾ തൃശൂരിൽ
Sunday, September 28, 2025 12:16 AM IST
തൃശൂർ: കേരള സർക്കാർ ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായി 33 വിഷയമേഖലകളിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കും. തുടക്കമായി ഒക്ടോബർ മൂന്നിനു റീജണൽ തിയറ്ററിൽ സെമിനാർ നടക്കുമെന്നു മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.
സാമൂഹ്യനീതി വകുപ്പിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്കും സംസ്ഥാനതല വയോജനദിനാചരണത്തിനും ഇതേ വേദിയിൽ തുടക്കംകുറിക്കും. രാവിലെ 9.30 നു നടക്കുന്ന സെമിനാറിൽ വയോജന, ഭിന്നശേഷി, ട്രാൻസ്ജെൻഡർ, പ്രൊബേഷൻ, വിദ്യാഭ്യാസക്ഷേമമേഖലകളിലെ ദേശീയ, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കും.
പ്രചോദനം, ശ്രേഷ്ഠം രണ്ട്, സുഗമ്യം പോർട്ടൽ, റെസ്പൈറ്റ് കെയർ ഹോം എന്നീ പുതിയ പദ്ധതികൾ പ്രഖ്യാപിക്കും.
വൈകുന്നേരം നടക്കുന്ന വയോജനദിനാഘോഷത്തിൽ നടി ഷീല, ഗായിക പി.കെ. മേദിനി എന്നിവർക്ക് ആജീവനാന്തസംഭാവനയ്ക്കുള്ള പുരസ്കാരങ്ങളും, കൊച്ചി കോർപറേഷൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്ത്, ഖിദ്മ തണൽ സ്നേഹവീട്, തൃശൂർ മെയിന്റനൻസ് ട്രൈബ്യൂണൽ, കുണ്ടൂപ്പറമ്പ് സായംപ്രഭ ഹോം എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങളും സമ്മാനിക്കും. കലാ സാഹിത്യ കായിക മേഖലകളിലെ നിരവധി വ്യക്തികളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങുമെന്നു മന്ത്രി പറഞ്ഞു.