മുഖ്യമന്ത്രി അറിയണം; ഇവരും സ്ത്രീകളാണ്!
Sunday, September 28, 2025 1:40 AM IST
സിജോ പൈനാടത്ത്
കൊച്ചി: “മഠത്തിനു പുറത്തിറങ്ങാൻ ഇപ്പോൾ പേടിയാണ്...! പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന വഴിയിലാണ് ഞങ്ങൾക്കു സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിച്ച് അവരിപ്പോൾ രാത്രിയുടെ മറവിൽ നിർമിതികൾ സ്ഥാപിച്ചിട്ടുള്ളത്.
സമീപത്തെ വഴിയിലൂടെ നടന്നാൽപോലും തടയാൻ ഗുണ്ടകളാണ് ചുറ്റും. ഹൃദ്രോഗികളും വയോധികരുമായ സന്യാസിനികളുണ്ട് മഠത്തിൽ. അവരെ ആശുപത്രിയിൽ കൊണ്ടുപോകാൻപോലും വഴി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതി. ഞങ്ങളുടെ കുടിവെള്ളപൈപ്പുവരെ അവർ തകർത്തു... ഞങ്ങളും കേരളത്തിലെ സ്ത്രീകളല്ലേ... ഞങ്ങ
ളോട് എന്തിനാണിങ്ങനെ...?”
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലമാകുന്ന കേരളത്തിലെ മുഖ്യമന്ത്രിയും അധികാരികളും ഒരുകൂട്ടം കത്തോലിക്കാ സന്യാസിനിമാരുടെ ഈ വാക്കുകളൊന്നു കേൾക്കണം. കൊച്ചി മെട്രോ നഗരത്തോടു ചേർന്നുകിടക്കുന്ന, വ്യവസായമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ, കളമശേരിയിലെ മാർത്തോമ്മാ ഭവൻ വരെയൊന്നു ചെന്ന് അവരുടെ ജീവിതമെങ്ങനെയെന്നു തിരക്കണം. കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നു നിങ്ങളും അറിയണം.
കഴിഞ്ഞ തിരുവോണത്തലേന്ന്, രാത്രിയുടെ മറവിൽ ഒരുകൂട്ടം ആളുകൾ ജെസിബിയും ആയുധങ്ങളുമായെത്തി അതിക്രമവും കൈയേറ്റവും നടത്തിയ മാർത്തോമ്മാ ഭവനോടു ചേർന്നുള്ള സെന്റ് ജോസഫ്സ് ഹോമിലെ സന്യാസിനിമാരാണ് അന്നുമുതൽ ഭയത്തോടെ ദിവസങ്ങൾ തള്ളിനീക്കുന്നത്.
ജെസിബി ഉപയോഗിച്ചു മാർത്തോമ്മാഭവന്റെ മതിൽ തകർത്ത് മഠത്തിലേക്കുള്ള വഴിയിൽ നിർമിതമുറികൾ സ്ഥാപിച്ചായിരുന്നു അതിക്രമം. സ്ഥലം നിയമപരമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടായിരുന്നു, സ്ഥാപനത്തിന്റെ സിസിടിവി കാമറകളെല്ലാം തകർത്തശേഷമുള്ള രാത്രിയിലുള്ള അക്രമവും കൈയേറ്റവും.
മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകളും അക്രമികൾ തകർത്തെന്നു മദർ സുപ്പീരിയർ സിസ്റ്റർ മരിയ അൽഫോൻസ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയിട്ടും അതിക്രമം തടയാനോ മാർഗതടസം നീക്കാനോ ആയില്ല. തുടർന്നു സ്ഥലത്തു പോലീസ് കാവലേർപ്പെടുത്തിയെങ്കിലും ഉണ്ടായിരുന്ന ഗേറ്റ് അടച്ചുപൂട്ടി. മാർത്തോമ്മാ ഭവനിലെ വൈദികർക്കും മഠത്തിലെ സന്യാസിനിമാർക്കും മറ്റാർക്കും അതുവഴി നടക്കാൻ അനുവാദമില്ലെന്നു പോലീസ്. പതിറ്റാണ്ടുകളായി നടന്ന വഴിയിൽ ഇനി നടക്കേണ്ടെന്ന്!
സിസ്റ്റേഴ്സ് ഓഫ് ദ ഹോളിക്രോസ് സന്യാസിനിമാരായ പത്തു പേരാണ് മഠത്തിലുള്ളത്. ഇതിൽ അഞ്ചു പേരും പ്രായമേറിയവരും രോഗികളുമാണ്. ജില്ലാ കളക്ടറേറ്റിലും പോലീസിലും ആവലാതികൾ പറഞ്ഞിട്ടും ഫലമുണ്ടായില്ല.
വഴി തടഞ്ഞിട്ടിരിക്കുന്നതിനാൽ മാർത്തോമ്മാ ഭവന്റെ പറന്പിലൂടെയാണ് ഇവർ പുറത്തേക്കു പോവുകയും വരികയും ചെയ്യുന്നത്.
വാഹനം കടത്തിവിടാത്തതിനാൽ കടയിൽനിന്നു സാധനങ്ങൾ വാങ്ങി റോഡിലെത്തിച്ചു തലച്ചുമടായി മഠത്തിലേക്ക് എത്തിക്കേണ്ട സ്ഥിതിയാണെന്ന് സന്യാസിനിമാർ പറയുന്നു.