ബാർ ഹോട്ടലുകളിൽ പരിശോധന; കോടികളുടെ നികുതിവെട്ടിപ്പു കണ്ടെത്തി
Sunday, September 28, 2025 12:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പു കണ്ടെത്തി.
45 ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ട് പ്രകാരം 127.46 കോടിയുടെ വിറ്റുവരവ് നികുതി വെട്ടിപ്പും 12 കോടി രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തി. ഈ പരിശോധനയുടെ ഭാഗമായി ഇതുവരെ 29 ലക്ഷം പിരിച്ചെടുക്കാനും സാധിച്ചു.
മാസംതോറുമുള്ള റിട്ടേണുകൾ നിശ്ചിത സമയത്തു സമർപ്പിക്കാതെ നികുതിവെട്ടിക്കുന്ന ബാർ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
ഈ സ്ഥാപനങ്ങളിൽനിന്ന് കഴിഞ്ഞ വർഷത്തെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതിൽനിന്നു കൂടുതൽ നികുതി വെട്ടിപ്പ് പുറത്തു വരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം നികുതി വെട്ടിപ്പു നടത്തുന്നവർക്കെതിരേ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ അന്വേഷണവും നടപടികളും തുടരുമെന്ന് സംസ്ഥാന ചരക്കുസേവന നികുതി കമ്മീഷണർ അറിയിച്ചു.