മുഖ്യമന്ത്രി എന്നോടൊപ്പം പദ്ധതി; കെഎഎസുകാരടക്കം 55 ജീവനക്കാരെ നിയമിച്ചു
Sunday, September 28, 2025 12:16 AM IST
തിരുവനന്തപുരം: തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ മുൻകൂട്ടി കണ്ട് സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ ‘സിഎം വിത്ത് മി’ എന്ന പേരിലുള്ള പദ്ധതിക്കായി കെഎഎസുകാരടക്കം 55 ഉദ്യോഗസ്ഥരെ നിയോഗിച്ചു. സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റർ സെക്രട്ടേറിയറ്റിനു പുറത്തു വെള്ളയന്പലത്തു തുറക്കാനും തീരുമാനിച്ചു.
കെഎഎസ് ഉദ്യോഗസ്ഥരായ ടി. ജയൻ, ബിന്ദു പരമേശ്വരൻ എന്നിവരാണ് വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ സിഎം വിത്ത് മി പദ്ധതിയുടെ മേൽനോട്ടത്തിനായി എത്തുന്നത്. പദ്ധതിയുടെ തലപ്പത്ത് വൈകാതെ ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനുമെത്തും.
റവന്യു വകുപ്പിലെ ഒൻപത് ജീവനക്കാർ, തദ്ദേശ വകുപ്പിലെ ഏഴ് ഉദ്യോഗസ്ഥർ, സഹകരണ വകുപ്പിലെ മൂന്നു പേർ, ആറ് ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വകുപ്പുകളിലെ പ്രശ്നങ്ങളിൽ ഇടപെടും. ആഭ്യന്തര വകുപ്പിൽ എസ്പി റാങ്കിലുള്ള കെ. സുദർശനന്റെ നേതൃത്വത്തിൽ 16 പേരുണ്ടാകും. സെക്രട്ടേറിയറ്റിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരും പരാതികൾ കേൾക്കും.
മറ്റ് ഇതര വകുപ്പുകളിലായി ഒൻപത് ഉദ്യോഗസ്ഥരുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണ് സിഎം വിത്ത് മി സിറ്റിസണ്‍ കണക്ട് സെന്ററിന്റെ പ്രധാന ദൗത്യം. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.