സുരക്ഷയും നീതിയും ഉറപ്പാക്കണം: കെസിബിസി
Sunday, September 28, 2025 1:40 AM IST
കൊച്ചി: 45 വര്‍ഷമായി കളമശേരി മാര്‍ത്തോമ്മാ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നടന്ന അതിക്രമങ്ങളും കൈയേറ്റവും തികച്ചും അപലപനീയവും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കു കളങ്കവുമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
കോടതിവിധി മറികടന്ന് സെപ്റ്റംബര്‍ നാലിന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധര്‍ ആസൂത്രിതമായാണു ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
വൃദ്ധരും രോഗികളുമുള്‍പ്പെടെയുള്ള സന്യാസിനിമാര്‍ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാര്‍ത്തോമ്മാ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികള്‍ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയിലായിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക, സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാന്‍ സഭാ നേതൃത്വം പ്രത്യേക കരുതലെടുക്കുകയുമായിരുന്നു.
മൂന്നാഴ്ചകള്‍ക്ക് ശേഷവും അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയോ കൈയേറ്റത്തിനു പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ മുഖം രക്ഷിക്കാനായി നാലു പേരെ അറസ്റ്റ് ചെയ്ത് ഉടന്‍ ജാമ്യത്തില്‍ വിട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലര്‍ത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകള്‍ക്ക് അധികാരികള്‍ കൂട്ടുനില്‍ക്കരുത്. മാര്‍ത്തോമ്മാ ഭവനത്തിനുമേല്‍ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും എല്ലാ കൈയേറ്റങ്ങളും പൂര്‍ണമായി ഒഴിപ്പിക്കുകയും വേണം. അതോടൊപ്പം, മാര്‍ത്തോമ്മാ ഭവനത്തിലെ അന്തേവാസികള്‍ക്ക് സുരക്ഷയും നീതിയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കെസിബിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
അതിക്രമങ്ങളിൽ പ്രതിഷേധം: കെസിഎംഎസ്
കൊച്ചി: കളമശേരി മാർത്തോമ്മാ ഭവനത്തിലെ സന്യസ്തർക്കു നേരേയുണ്ടായ ഭീഷണിയിലും കൈവശാവകാശമുള്ള ഭൂമിയിൽ കോടതിവിധിയെ മറകടന്നുള്ള കൈയേറ്റത്തിലും കേരളത്തിലെ സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സിന്റെ കൂട്ടായ്മയായ കേരള കോൺഫ്രൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് (കെസിഎംഎസ് ) പ്രതിഷേധിച്ചു.
മാർത്തോമ്മാ ഭവനിലെ അംഗങ്ങളോട് പിന്തുണ അറിയിക്കുന്നതായി കെസ്എംഎസ് വ്യക്തമാക്കി. കേരളത്തിൽ ഇത്തരമൊരു അതിക്രമം ഉണ്ടായതും ഇതുവരെയും പോലീസ് നിയമ നടപടികൾ സ്വീകരിക്കാത്തതും അപലപനീയമാണ്.
ആസൂത്രിതമായ ഈ ആക്രമണം കടുത്ത മനുഷ്യാവകാശ നിഷേധമാണ് വൃദ്ധരായ സന്യാസിനികൾ ഉൾപ്പെടെയുള്ളവരോടു കാട്ടിയത്. നീതി ലഭിക്കുംവരെ മാർത്തോമ്മാ ഭവനൊപ്പം കേരളത്തിലെ എല്ലാ സന്യാസ, സമർപ്പിത സമൂഹങ്ങളും നിലകൊള്ളും. മതഭേദമെന്യേ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് പൊതുജന ക്ഷേമത്തിനായി സേവനം ചെയ്യുന്ന സന്യസ്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാം എന്നാരും കരുതേണ്ടതില്ല.
സാമൂഹിക ഐക്യത്തിന്റെയും സ്നേഹ സേവനത്തിന്റെയും സജീവസാന്നിധ്യയമായി തങ്ങൾ എല്ലായിടത്തും ഉണ്ടാകുമെന്നും കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റർ ആർദ്ര, വൈസ് പ്രസിഡന്റ് ഫാ. അഗസ്റ്റിൻ മുള്ളൂർ, ട്രഷറർ ബ്രദർ വർഗീസ് മഞ്ഞളി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ജോസ് അയ്യനകാനാൽ, സിസ്റ്റർ ലിസി, സിസ്റ്റർ മരിയ ആന്റോ, സെക്രട്ടറി സിസ്റ്റർ വിനീത എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.