വൻ ക്രമക്കേട്!, ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്
Sunday, September 28, 2025 1:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വനംവകുപ്പിന്റെ വിവിധ ഓഫീസുകളിൽ ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും വൻ ക്രമക്കേടുകളും കണ്ടെത്തി.
സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായും റോഡ് നിർമാണം, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനം, ഫയർ ലൈൻ നിർമാണം, ജണ്ട നിർമാണം, സോളാർ മതിൽ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളിൽ വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായാണ് കണ്ടെത്തിൽ. 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലെ കഴിഞ്ഞ അഞ്ചുവർഷത്തെ ഫയലുകളാണ് വിജിലൻസ് പരിശോധിച്ചത്.
വനം ഉദ്യോഗസ്ഥർ കരാറുകാരിൽനിന്ന് അക്കൗണ്ട് മുഖേനെ 1.07 കോടി രൂപ വാങ്ങിയതിന്റെ രേഖകൾ വിജിലൻസ് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് കണക്കിൽപ്പെടാത്ത 11,500 രൂപ പിടിച്ചെടുത്തു.
വിവിധ ആവശ്യങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ, മൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി കാടിനുള്ളിൽ നിർമിക്കുന്ന കുളങ്ങൾ, വനംവകുപ്പിനു കീഴിലെ റോഡുകളുടെ ടാറിംഗ്, റീ-ടാറിഗ് തുടങ്ങിയവയിലെല്ലാം ഉദ്യോഗസ്ഥർ കരാറുകാരുമായി ചേർന്ന് അഴിമതി നടത്തുന്നു. നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്ത് പണം തട്ടുന്നു.
യഥാർഥത്തിലുള്ള കെട്ടിടത്തിന്റെ അളവും നിർമിച്ചവയുടെ അളവും തമ്മിൽ വ്യത്യാസമുള്ളതായി കണ്ടെത്തി. 2025ൽ പൂർത്തീകരിച്ച സോളാർ ഫെൻസിംഗ്വർക്കുകൾ പോലും പ്രവർത്തനരഹിതമായി.
പല ഓഫീസുകളിലും ലേല നടപടി പാലിക്കാതെ മരംവിൽപ്പന നടത്തി. മിക്ക ഓഫീസുകളിലും കരാർ സംബന്ധമായ ഫയലുകളിൽ ബില്ലുകൾ, ക്വട്ടേഷൻ വിവരങ്ങൾ, ഫണ്ട് ചെലവഴിച്ചതിന്റെ വിവരങ്ങൾ, രസീതുകൾ മുതലായവ സൂക്ഷിച്ചിട്ടില്ല. എം ബുക്കിലെ അളവുകളിലെ രേഖപ്പെടുത്തലുകളിൽ പൊരുത്തക്കേടുകളുണ്ട്.
വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തുക അനുവദിച്ച ഫയലുകൾ പരിശോധിച്ചതിൽ മിക്ക ഓഫീസുകളിലും കൃത്യമായ മെഡിക്കൽ രേഖകൾ ഇല്ലാതെ തുക അനുവദിച്ചു. തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ റേഞ്ച് ഓഫീസറുടെ ഡ്രൈവർ ഡ്യൂട്ടിസമയം മദ്യപിച്ച് അബോധാവസ്ഥയിൽ കാണപ്പെട്ടതിനെത്തുടർന്ന് നടപടി സ്വീകരിക്കാനായി ലോക്കൽ പോലീസിനു കൈമാറി.
ഇടുക്കി വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ വാട്ട്സ്ആപ്പ് പരിശോധിച്ചതിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും ബന്ധുക്കളുടെയും വിവിധ അക്കൗണ്ടിലേക്ക് ഒരു കരാറുകാരൻ 72.80 ലക്ഷം രൂപ 2025 ജൂണ് മുതൽ സെപ്റ്റംബർ വരെ നിക്ഷേപിച്ചതായി കണ്ടു.
റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിർദേശ പ്രകരം 1,36,500 രൂപ ഇടപ്പള്ളിയിലെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഇതേ കരാറുകാരൻ അയച്ച് നൽകിയതിന്റെ ബാങ്ക് കൗണ്ടർ ഫോയിലുകളുടെ ഫോട്ടോകൾ കരാറുകാരൻ വാട്സ്ആപ്പ് വഴി അയച്ചതും കണ്ടെത്തി.
തേക്കടി റേഞ്ച് ഓഫീസിലെ റേഞ്ച് ഓഫീസറുടെ വാട്സ്ആപ്പിൽ ഇതേ കരാറുകാരൻ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 31.08 ലക്ഷം രൂപ നിക്ഷേപിച്ചശേഷം കൗണ്ടർ ഫോയിൽ അയച്ച് നൽകിയതും പിടിച്ചെടുത്തു.