അന്താരാഷ്ട്ര മാധ്യമോത്സവം നാളെ മുതൽ
Sunday, September 28, 2025 12:16 AM IST
തിരുവനന്തപുരം: മാധ്യമം നേരിനും സമാധാനത്തിനും’ എന്ന വാക്യവുമായി കേരള മീഡിയ അക്കാദമിയുടെ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയ്ക്ക് തിരുവനന്തപുരത്ത് നാളെ തുടക്കമാകും.
പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് മുഖ്യാതിഥിയാകുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ടാഗോർ തിയറ്ററിൽ മന്ത്രി കെ.എൻ ബാലഗോപാലും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്യും.
കേരളത്തിനകത്തും പുറത്തു നിന്നുമായി മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന ഫെസ്റ്റിവൽ നാളെ വൈകുന്നേരം 5.30ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അക്കാദമി നേരത്തേ പ്രഖ്യാപിച്ച മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയർ അവാർഡ് ആഫ്രിക്കയിലെ ബുർക്കിനോഫാസയിലെ മാധ്യമ പ്രവർത്തക മറിയം ഔഡ്രാഗോ ഏറ്റുവാങ്ങും.
പട്ടാള അട്ടിമറികളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളടക്കം ലോകത്തെ അറിയിച്ച ജേർണലിസ്റ്റാണ് മറിയം. വിവിധ വർഷങ്ങളിലെ ഇന്ത്യൻ മീഡിയ പേഴ്സണ്‍ അവാർഡ് ജേതാക്കളായ കരണ്‍ ഥാപ്പർ, രവീഷ് കുമാർ, രാജ്ദീപ് സർദേശായി എന്നിവരും മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിക്കും. നാലുപേർക്കും ഒരുലക്ഷം രൂപയും ശിൽപവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അറിയിച്ചു.