രാഹുൽ ഗാന്ധിക്കെതിരേ വധഭീഷണി ; ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്നു സണ്ണി ജോസഫ്
Sunday, September 28, 2025 12:16 AM IST
തൃശൂർ: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രതിപക്ഷനേതാവിനെതിരേ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ല. രാഹുൽ ഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ പ്രതിനിധിയെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തയാറാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.
രാജ്യത്തിന്റെ മതേതരത്വവും ഐക്യവും സംരക്ഷിക്കാൻവേണ്ടി പ്രയത്നിക്കുന്ന നേതാവാണു രാഹുൽ ഗാന്ധി. രാഹുൽഗാന്ധി ഉയർത്തുന്ന ആശയങ്ങളെ രാഷ്ട്രീയമായി നേരിടാൻ ബിജെപിക്കു കഴിയുന്നില്ല. അതിനാലാണ് അദ്ദേഹത്തെ കായികമായി ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നത്. രാഷ്ട്രതാത്പര്യം സംരക്ഷിക്കാൻ ജീവൻ നൽകിയ പരമ്പരയിലെ കണ്ണിയാണു രാഹുൽ ഗാന്ധിയെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.