സ്വർണം തട്ടിയെടുത്തു; മൂന്നു സ്ത്രീകളും ഗവ. ജീവനക്കാരനും പിടിയിൽ
Sunday, September 28, 2025 1:40 AM IST
തൊടുപുഴ: ധ്യാനകേന്ദ്രത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയ നാലംഗ സംഘം പോലീസിന്റെ പിടിയിൽ. വീട്ടമ്മയിൽനിന്ന് എട്ടര ലക്ഷത്തോളം രൂപയോളം വില വരുന്ന സ്വർണാഭരണം തട്ടിയെടുത്ത സർക്കാർ ജീവനക്കാരനും മൂന്നു സ്ത്രീകളുമടങ്ങുന്ന സംഘമാണ് പിടിയിലായത്.
കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിനിയായ 66കാരിയാണ് തട്ടിപ്പിനിരയായത്. തൊടുപുഴ പാറക്കടവ് ലക്ഷംവീട് കോളനി നിവാസികളായ തൊടുപുഴ ചരുവിള പുത്തൻ വീട്ടിൽ വിജീഷ് അജയകുമാർ (34) അത്തിവീട്ടിൽ സുലോചന ബാബു (44), മകൾ അഞ്ജു ബാബു (29) അഞ്ചപ്ര ഷാജിദ സി. ഷെരീഫ് (29) എന്നിവരാണ് പിടിയിലായത്. പുറപ്പുഴ ടെക്നിക്കൽ ഹൈസ്കൂൾ ജീവനക്കാരനാണ് വിജീഷ്.
അഞ്ചു പ്രാവശ്യമായി 11 പവനോളം സ്വർണമാണ് ഇവർ തട്ടിയെടുത്തത്. സമാന രീതിയിൽ തട്ടിപ്പു നടത്തിയതിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പാലാ പോലീസ് സ്റ്റേഷനിലും ഇവർക്കെതിരേ കേസുകളുണ്ട്. തൊടുപുഴ ഡിവൈഎസ്പി പി.കെ സാബുവിന്റെ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
ലോഷൻ, പപ്പടം, കത്തി എന്നിവ വിൽക്കാനെത്തുന്നവരെന്ന വ്യാജേന പ്രതികൾ വീടുകളിൽ എത്തിയാണ് തട്ടിപ്പു നടത്തുന്നതെന്നു പോലീസ് പറഞ്ഞു. വീട്ടമ്മമാരോടു ജീവകാരുണ്യപ്രവർത്തനം ഉൾപ്പെടെ വിവിധ കാര്യങ്ങളെക്കുറിച്ചു സംസാരിച്ച് അവരുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തുന്നത്.
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ മാറാത്തതിനു കാരണം ചില ദോഷങ്ങളാണെന്നും ധ്യാനകേന്ദ്രത്തിൽ വസ്തുക്കൾ ഉൾപ്പെടെ സമർപ്പിച്ചു പ്രാർഥന നടത്തിയാൽ ഫലമുണ്ടാകുമെന്നുമാണ് ഇവർ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചത്.