ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Sunday, September 28, 2025 1:40 AM IST
തലയോലപ്പറമ്പ്: തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കരിപ്പാടം ഇടപ്പരുത്തിയിൽ (ദാറുസുബഹ് ) ടി.എം. റഷീദിന്റെ (റിട്ട. സാനിറ്ററി ഇൻസ്പെക്ടർ) മകൻ മുർത്താസ് അലിറഷീദ് (27), വൈക്കം പുളിന്തിരുത്തിൽ അബുവിന്റെ മകൻ റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 12 ഓടെ തലപ്പാറ കൊങ്ങിണിമുക്കിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്തുനിന്ന് വന്ന ലോറിയുമായി മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാർ കൂട്ടിയിടിക്കുകയായിരുന്നു. തലയോലപ്പറമ്പ് തലപ്പാറയിൽ മുർത്താസ് അലിറഷീദും റിദ്ദിക്കും കാർ വാഷിംഗ് സെന്റർ നടത്തുകയായിരുന്നു.