ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് വി.ഡി. സതീശൻ
Sunday, September 28, 2025 12:16 AM IST
തിരുവനന്തപുരം: അധ്യാപകരുടെ ന്യായമായ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസർഗോഡ് നിന്നാരംഭിച്ച വിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര ‘മാറ്റൊലി’ യുടെ സമാപനം കുറിച്ച് മാനവീയം വീഥിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രകടനത്തെ തുടർന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളിൽ ഭീതിയോടെ ജോലി ചെയ്യേണ്ട ഗതികേടിലാണ് അധ്യാപകർ. യുഡിഎഫ് അധികാരത്തിൽ വന്നാൽ കവർന്നെടുത്ത ആനുകൂല്യങ്ങളും ശന്പള പരിഷ്കരണവും അനുവദിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ഐതിഹാസികമായ ജാഥ സർക്കാരിനെതിരേ അധ്യാപകരുടെപടയൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കെപിസിസി വക്താവ് സന്ദീപ് വാര്യർ, സെക്രട്ടറി പി. ഹരിഗോവിന്ദൻ, സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, മുൻ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ, കെജിഒയു സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യൻ, ബി. സുനിൽകുമാർ, എൻ.രാജ്മോഹൻ, അനിൽ വെഞ്ഞാറമൂട്, ബി.ബിജു, ടി. യു.സാദത്ത്, പി.എസ് ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ ഗിരീഷ്, എം. കെ അരുണ, ജോണ് ബോസ്കോ, പി. എസ് മനോജ്, പി.വിനോദ് കുമാർ, പി. എം നാസർ, പി.പി ഹരിലാൽ, പി.എം ശ്രീജിത്ത്, സി.വി സന്ധ്യ, ടി.ആബിദ്, ആർ.തനൂജ എന്നിവർ പ്രസംഗിച്ചു.