കാച്ചട്ടയിൽ കാര്യം സാധിച്ചതിന് നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മ അറസ്റ്റിൽ
Sunday, September 28, 2025 1:40 AM IST
കായംകുളം: നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കണ്ടല്ലൂർ പുതിയവിള അംബിക ഭവനത്തിൽ അനൂപിന്റെ ഭാര്യ നിധിയെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മായിയമ്മയും ബന്ധുക്കളും നൽകിയ മൊഴിയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവ് അനൂപിനു പട്ടാളത്തിലാണ് ജോലി. അമ്മയ്ക്കും അമ്മായിയമ്മയ്ക്കും ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാലര വയസുകാരൻ ട്രൗസറിൽ മലമൂത്രവിസർജനം നടത്തിയെന്നു പറഞ്ഞായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ ശരീരത്തിന്റെ പിൻഭാഗത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പൊള്ളലേറ്റ കുട്ടിയെ അമ്മതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നിയ ഡോക്ടർ വിവരം പോലീസിലും ശിശുക്ഷേമ സമിതിയിലും അറിയിച്ചു. തുടർന്നാണ് ബന്ധുക്കളുടെ പരാതിയിൽ കനകക്കുന്ന് പോലീസ് മൊഴിയെടുത്ത ശേഷം നിധിയെ അറസ്റ്റ് ചെയ്തത്.