ഭിന്നശേഷി സംവരണം; ഒക്ടോബറിൽത്തന്നെ 1400ഓളം നിയമന ശിപാർശ നൽകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി
Sunday, September 28, 2025 1:40 AM IST
തൃശൂർ: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിനിയമനം നടപ്പാക്കാൻ മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്കു നൽകിയിട്ടുണ്ടെന്നും അവിടെനിന്ന് ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാലുടൻ നിയമനനടപടികളിലേക്കു കടക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ, ഒക്ടോബറിൽത്തന്നെ 1400ഓളം ഭിന്നശേഷി ഉദ്യോഗാർഥികൾക്കു നിയമനശിപാർശ നൽകാനാകും. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിസംവരണവും നിയമനവും വേഗത്തിലാക്കാൻ സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാനതല, ജില്ലാതലസമിതികൾ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സമിതികളുടെ പ്രവർത്തനം ഓഗസ്റ്റ് 25 മുതൽ ആരംഭിച്ചു.
ഈ വർഷം ജൂൺ 28 മുതൽ എയ്ഡഡ് സ്കൂളുകളിൽ നടന്ന ഭിന്നശേഷിസംവരണ നിയമനങ്ങൾ നടത്തേണ്ടതു ജില്ലാതലസമിതികളാണ്. ഒഴിവുകൾ വിട്ടുനൽകാനുള്ള സൗകര്യം സമന്വയ സോഫ്റ്റ്വേറിലാണു ലഭ്യമാക്കിയിട്ടുള്ളത്.
2025-26 വർഷത്തെ തസ്തികനിർണയം സംസ്ഥാനത്തു നടത്തിയിട്ടുള്ളതിനാൽ ഭിന്നശേഷിസംവരണത്തിനായി വിട്ടുനൽകപ്പെട്ട ഒഴിവുകളുടെ സ്ഥിരീകരണം വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് ജില്ലാതലസമിതിയിലേക്ക് അയയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി നിയമനങ്ങൾ ചില ക്രിസ്ത്യൻ സംഘടനകൾ എതിർക്കുന്നുവെന്ന് മന്ത്രി
തൃശൂർ: എയ്ഡഡ് സ്കൂളിലെ ഭിന്നശേഷിനിയമനങ്ങളെ ചില ക്രിസ്ത്യൻ സംഘടനകൾ എതിർക്കുന്നുണ്ടെന്നും ഭിന്നശേഷിക്കാർക്കു ജോലികൊടുക്കാൻ പാടില്ലെന്ന നിലപാടുകൾ അംഗീകരിക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്കു ജോലികൊടുക്കാൻ സർക്കാരിനു യാതൊരു ബുദ്ധിമുട്ടുമില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും പറഞ്ഞപ്രകാരം ഭിന്നശേഷിക്കാർക്കു ജോലിനൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.