കേരള സ്കൂള്‍ കലോത്സവം: സ്വാഗതസംഘം ഓഫീസ് തുറന്നു
Sunday, September 28, 2025 12:16 AM IST
തൃശൂർ: ജനുവരിയിൽ തൃശൂരിൽ അരങ്ങുണരുന്ന 64-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസിൽ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. ജനുവരി ഏഴു മുതല്‍ 11 വരെയാണു സംസ്ഥാന സ്കൂൾ കലോത്സവം.
ചടങ്ങില്‍ മന്ത്രി കെ. രാജൻ, കെ. രാധാകൃഷ്ണന് എംപി, എംഎല്‍എമാരായ എ.സി. മൊയ്തീന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം. ബാലകൃഷ്ണന് തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്വാഗതവും ജില്ലാ എഡിപിഐ കെ.എസ്. ഷിബു നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനുശേഷം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനപുരോഗതി യോഗം വിലയിരുത്തി.
സംസ്ഥാന കലോത്സവ വേദികൾ: തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ട്, തെക്കേഗോപുരനട, നെഹ്റു പാർക്കിനു സമീപം, സിഎംഎസ്എച്ച്എസ്എസിലും വിവേകോദയം എച്ച് എസ്എസിലും രണ്ടുവീതം സ്റ്റേജുകൾ, മോഡൽ ബോയ്സ് എച്ച്എസ്എസ്, ഗവ. ട്രെയിനിംഗ് കോളജ്, സാഹിത്യ അക്കാദമിയിൽ രണ്ടു സ്റ്റേജുകൾ, ടൗൺ ഹാൾ, സംഗീതനാടക അക്കാദമിയിൽ രണ്ടു വേദികൾ, പ്രഫ. ജോസഫ് മുണ്ടശേരി ഹാൾ, ജവഹർ ബാലഭവൻ ഹാൾ, ഹോളിഫാമിലി എച്ച്എസിൽ രണ്ടുവീതം സ്റ്റേജുകൾ, സെന്റ് ക്ലെയേഴ്സ് എൽപിഎസിൽ രണ്ടു സ്റ്റേജുകൾ, ഫൈൻ ആർട്സ് കോളജ്, സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, സെന്റ് തോമസ് കോളജ് എച്ച്എസ്എസ്, കാൽഡിയൻ സിറിയൻ എച്ച്എസ്എസ്, രാമവർമപുരം പോലീസ് അക്കാദമി, സെന്റ് ജോസഫ് എച്ച്എസ്.