ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമം
Tuesday, September 30, 2025 2:01 AM IST
കണ്ണൂർ: ദീപാവലിക്കു വീട്ടിലേക്കു ട്രെയിനിൽ പോകാനുള്ള തയാറെടുപ്പിലാണോ, എങ്കിൽ ഈ മാറ്റം ശ്രദ്ധിക്കാതെ പോകരുത്. ഒക്ടോബർ ഒന്നിനു പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം നടപ്പാക്കും.
പുതിയ നിയമം അനുസരിച്ച്, ആധാർ പരിശോധനയ്ക്കു വിധേയരായവർക്ക് മാത്രമേ റിസർവേഷൻ ആരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ 15 മിനിറ്റിനുള്ളിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.
തത്കാൽ ടിക്കറ്റുകൾക്കു മാത്രമായിരുന്നു നിലവിൽ ഈ നിയമം ബാധകമായിരുന്നത്. ഇനി ഇത് ജനറൽ റിസർവേഷൻ ടിക്കറ്റുകൾക്കും ബാധകമാകും. ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലെ തട്ടിപ്പ് തടയുന്നതിനായാണ് ഇന്ത്യൻ റെയിൽവേ ഈ പ്രധാന തീരുമാനം എടുത്തത്. അതിന്റെ ഭാഗമായാണ് ഒക്ടോബർ ഒന്നുമുതൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്.
ടിക്കറ്റ് റിസർവേഷനുകൾക്കായുള്ള ഈ നിയമം ഐആർസിടിസി വെബ്സൈറ്റിനും ആപ്പിനും ബാധകമായിരിക്കും. അതേസമയം, കംപ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്നവർക്കുള്ള സമയവും നടപടിയും അതേപടി തുടരും.
ഒക്ടോബർ ഒന്നുമുതൽ, ആധാർ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകൾക്കാണു മുൻഗണന നല്കുക. ആദ്യത്തെ15 മിനിറ്റിനുള്ളിൽ, പരിശോധിച്ചുറപ്പിച്ച ആധാർ അക്കൗണ്ടുകൾ ഉള്ളവർ ഒഴികെ മറ്റാർക്കും ബുക്കിംഗ് അനുവദിക്കില്ല.
തുടക്കത്തിൽ ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് ഓൺലൈൻ ബുക്കിംഗുകൾ പരിമിതപ്പെടുത്തുന്നതിലൂടെ, ടിക്കറ്റ് അലോക്കേഷനിൽ സുതാര്യത കൊണ്ടുവരാനും മൊത്ത ബുക്കിംഗ് കുറയ്ക്കാനും ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു. അങ്ങനെ റെയിൽവേ സേവനങ്ങൾ ശരിയായ യാത്രക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം.
തിങ്കളാഴ്ച റെയിൽവേ ബോർഡ് ഈ വിഷയത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. റിസർവേഷൻ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താവിലേക്ക് എത്തുന്നുണ്ടെന്നും ടിക്കറ്റ് ബ്രോക്കർമാർ അത് ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാനാണു റിസർവേഷൻ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച തീരുമാനം എടുത്തതെന്ന് ഉത്തരവിൽ പറയുന്നു.
ഒക്ടോബർ ഒന്നുമുതൽ, ജനറൽ റിസർവേഷനുകൾ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ, ആധാർ ആധികാരികമാക്കിയ ഉപയോക്താക്കൾക്കു മാത്രമേ ഐആർസിടിസി വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ റിസർവ് ചെയ്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയൂ. ജൂലൈ മുതൽ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കിയതിനു പിന്നാലെയാണ് ഈ പുതിയ നിയമം വരുന്നത്.