സുപ്രീംകോടതി വിധി എൻഎസ്എസിനു മാത്രം ബാധകമെന്നാണ് നിയമോപദേശമെന്നു മന്ത്രി
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിച്ച് ഭിന്നശേഷി സംവരണ സീറ്റുകൾ ഒഴികെ മറ്റ് ഒഴിവുകളിൽ നിയമനം നടത്താനുള്ള അനുമതി എൻഎസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകൾക്ക് മാത്രം ബാധകമാണെന്ന എജിയുടെ നിയമോപദേശമാണ് സർക്കാരിനു ലഭിച്ചതെന്നു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികളാണ് ഇപ്പോൾ സ്വീകരിച്ചുവന്നിരുന്നതെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി എൻഎസ്എസ് ഒഴികെയുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിൽ ബാധകമാണോ എന്ന കാര്യത്തിൽ വീണ്ടും നിയമോപദേശം തേടാമെന്നും മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി അനുസരിച്ചു ഭിന്നശേഷി സംവരണം സംബന്ധിച്ച് നിയമനം സമയബന്ധിതമായി നടത്താനും കാലതാമസം ഒഴിവാക്കാനും ജില്ലാതല സമിതി രൂപീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി ജില്ലാതല സമിതികളാണ് സ്കൂൾ മാനേജമെന്റുകൾ ആവശ്യപ്പെടുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥിയെ നിയമനത്തിനായി നൽകുന്നത്. ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ നിയമനപ്രക്രിയ ഒക്ടോബർ 25നകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ജില്ലാതല സമിതി മുഖേനയുള്ള നിയമനപ്രക്രിയ ആവശ്യമെങ്കിൽ വർഷത്തിൽ രണ്ടുതവണ നടത്തും. ഇതുവരെ വിവിധ എയ്ഡഡ് സ്കൂളുകളിലെ 1300ലേറെ ഒഴിവ് വിവിധ ജില്ലാ സമിതികളിലേക്കു റിപ്പോർട്ട് ചെയ്തു. 1100 ഭിന്നശേഷി നിയമനം നടത്തി. ഇതുസംബന്ധിച്ച പരാതി പരിശോധിക്കാൻ സംസ്ഥാന തലത്തിൽ നവംബർ 10നകം അദാലത്ത് സംഘടിപ്പിക്കും.
2016 മുതൽ മുതൽ 25 വരെ 1.12 ലക്ഷം അധ്യാപക-അനധ്യാപക നിയമനം എയ്ഡഡ് മേഖലയിൽ നടത്തിയെന്നും മന്ത്രി പറഞ്ഞു. വിവിധ അവധി ഒഴിവുകൾ, ഹെഡ് ടീച്ചർ വേക്കൻസി നിയമനം, സ്ഥാനക്കയറ്റ നിയമനം, അധിക തസ്തികകളിലെ നിയമനം, റിട്ടയർമെന്റ് ഒഴിവ് എന്നിവ ഉൾപ്പെടും. സ്ഥിരം തസ്തികകളിൽ ശന്പള സ്കെയിലിൽ 36,318 നിയമനങ്ങൾ നടത്തിയതായും മന്ത്രി പറഞ്ഞു.