എയ്ഡഡ് സ്കൂൾ നിയമനം; ക്രിസ്ത്യൻ മാനേജ്മെന്റുകളോടു സർക്കാരിനു വിവേചനമെന്ന് മോൻസ് ജോസഫ്, എല്ലാവരെയും ഒരേ കണ്ണിലാണ് കാണുന്നതെന്നു മന്ത്രി ശിവൻകുട്ടി
Tuesday, September 30, 2025 2:01 AM IST
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം സർക്കാർ തടസപ്പെടുത്തുകയാണെന്ന മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലെ ആരോപണം നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയാക്കി.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ എൻഎസ്എസ് മാനേജ്മെന്റിനൊപ്പം മറ്റു മാനേജ്മെന്റുകൾക്കും നിയമനം നടത്താൻ കഴിയില്ലെന്നു പറയുന്ന വിദ്യാഭ്യാസമന്ത്രിക്കു ബോധമില്ലെന്ന മോൻസ് ജോസഫിന്റെ പരാമർശമാണ് ബഹളത്തിന് ഇടയാക്കിയത്.
സുപ്രീംകോടതി വിധി നടപ്പാക്കാനും വിധിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ നിയമപരമായി സമീപിക്കാനും സർക്കാരിനു മുന്നിൽ മറ്റു മാർഗങ്ങളുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ജോലി നൽകാൻ ക്രിസ്ത്യൻ മാനേജ്മെന്റുകൾ തയാറാണ്. ഇതു മനസിലാക്കാതെയുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അപലപനീമാണ്.
ക്രിസ്ത്യൻ മാനേജ്മെന്റുകളോടു സർക്കാർ വിവേചനത്തോടെയാണ് പെരുമാറുന്നതെന്നു പരാതിയുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.
എന്നാൽ,എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കും സർക്കാർ തുല്യമായ പരിഗണനയാണ് നൽകുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി മറുപടിയായി അറിയിച്ചു.
ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു മാനേജ്മെന്റുകളെ ഒരേ കണ്ണിലാണു കാണുന്നത്. മോൻസ് മാത്രമല്ല, താനും ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായി നല്ല ബന്ധത്തിലാണ്. തന്റെ പ്രസ്താവന ചില പത്രക്കാർ വളച്ചൊടിച്ചെങ്കിൽ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരെ കണ്ടു തിരുത്താൻ തയാറാണെന്നും മന്ത്രി പറഞ്ഞു.