ടി.എൻ. പ്രതാപന് വർഷധാര പുരസ്കാരം
Tuesday, September 30, 2025 2:00 AM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ വർഷധാര പുരസ്കാരം മുൻ എംപി ടി.എൻ. പ്രതാപന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ഒക്ടോബർ 12നു വൈകുന്നേരം ആറിന് കോട്ടപ്പുറം കായലോരത്തെ ആംഫി തിയറ്ററിൽ നടക്കുന്ന പുഴനിലാവ് ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് പുരസ്കാരം സമ്മാനിക്കും.
കൊടുങ്ങല്ലൂരിന്റെ വികസനത്തിനു നേതൃത്വം വഹിക്കുകയും ഒരുഘട്ടത്തിൽ നിശ്ചലമായിരുന്ന മുസിരിസ് പൈതൃകപദ്ധതി യാഥാർഥ്യമാക്കുന്നതിനു മുൻകൈയെടുക്കുകയും ചെയ്തതിനാണ് ടി.എൻ. പ്രതാപനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്നു കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് വി.എം. ജോണി, പി.പി. ശിവശങ്കരൻ, ജോഷി ചക്കാമാട്ടിൽ, ഷാജി വടക്കൻ, പി.ഡി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.